

തിരുവന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.
കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നേരത്തെ രംഗത്തുവന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് രാജി. പാലോട് രവിയുടെ പരാമര്‍ശത്തിനെതിരെ വിഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
പാലോട് രവിയുടെ ഫോൺ സംഭാഷണം
'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും.കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ചുപേർ മാർക്സിസ്റ്റ് പാർട്ടിയിലേക്കും പോകും.
കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാർത്ഥമായി ഒറ്റൊരാൾക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഛിന്നഭിന്നമാക്കും'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
