

തിരുവനന്തപുരം: ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. റീഫണ്ട് ആയി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
ശശികാന്ത് സൈനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ശശികാന്ത് സൈനിയുടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു. കമ്പനിയുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സ്പോട്ട് രജിസ്‌ട്രേഷന്‍ ഫീസായി സൈനി 20,000 രൂപ നല്‍കി. എന്നാല്‍ ഓഫ്ലൈന്‍ ക്ലാസിലേക്ക് മാറാന്‍ മകന്‍ തീരുമാനിച്ചതിനാല്‍, അടുത്ത ദിവസം തന്നെ സൈനി ഓണ്‍ലൈന്‍ ക്ലാസ് റദ്ദാക്കാനും റീഫണ്ടിനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തന്റെ നിരവധി ഇ-മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കമ്പനി മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
രണ്ട് മാസത്തിന് ശേഷം, ബൈജൂസിന്റെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്ന് സൈനിക്ക് ഒരു കോള്‍ വന്നു. പ്ലേ സ്റ്റോറില്‍ നിന്ന് 'റസ്റ്റ് ഡെസ്‌ക്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്തതോടെ, താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായും പരാതിയില്‍ പറയുന്നു.
ആദ്യം തന്റെ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് ഒന്നിലധികം ഇടപാടുകളിലൂടെ ആകെ 8,32,000 രൂപ പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ, കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ അടുത്ത ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ സൈനി ബാങ്കിനോട് ആവശ്യപ്പെട്ടു. കൂടാതെ, പൊലീസ് സൈബര്‍ സെല്ലിലും ആര്‍ബിഐ ഓംബുഡ്സ്മാനും പരാതി നല്‍കി. കേസ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്. കമ്മീഷന്റെ നോട്ടീസ് സ്വീകരിച്ചുവെങ്കിലും ബൈജൂസ് പ്രതിനിധി നേരിട്ട് ഹാജരായില്ല.
പേയ്മെന്റ് രസീത്, ഇ-മെയില്‍ ആശയവിനിമയങ്ങള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, എഫ്ഐആര്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ കമ്മീഷന്‍ പരിശോധിച്ചു. സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും കാരണം പരാതിക്കാരന് മാനസിക പീഡനവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി കമ്മീഷന്‍ നിരീക്ഷിച്ചു. നഷ്ടം നികത്താന്‍ ബൈജൂസ് ബാധ്യസ്ഥമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പണം കൈമാറണമെന്ന് കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ചെലവ് ഒഴികെയുള്ള തുകയുടെ തിരിച്ചടവ് വരെ പ്രതിവര്‍ഷം 9 ശതമാനം പലിശ ഈടാക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
'ബൈജൂസിന്റെ പ്രതിനിധിക്ക് പരാതിക്കാരന്‍ ഒപ്പുവെച്ച ചില രേഖകള്‍ ലഭിച്ചിരുന്നു. പരാതിക്കാരന്റെ അറിവില്ലാതെ, കമ്പനി സൈനിയുടെ ബാങ്കില്‍ നിന്ന് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായ്പ തരപ്പെടുത്തിയതായി കണ്ടെത്തി. തുക ആദ്യം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് കമ്പനി അത് ഒന്നിലധികം ഇടപാടുകളിലായി പിന്‍വലിച്ചു. കേസില്‍ ഗുരുതരമായ സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടുന്നു,'- പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates