ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവിന്റെ ലോറിയില്‍ നിന്നും ഒരു കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ച സംഭവത്തില്‍ പാര്‍ട്ടി പരിശോധിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎമ്മിന്റെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അടിയന്തര ഇടപെടല്‍.
ഇന്നലെ വൈകീട്ട് വിളിച്ചു ചേര്‍ത്ത ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ എ ഷാനവാസ് നേരിട്ടു ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ലോറി വാടകയ്ക്ക് നല്‍കിയതാണെന്നാണ് ഷാനവാസ് വ്യക്തമാക്കിയത്. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്നാണ് നേതൃത്വ്തതിന്റെ വിലയിരുത്തലെന്നാണ് സൂചന.
കഴിഞ്ഞദിവസമാണ് പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയെന്നാണ് ഷാനവാസ് പറയുന്നത്. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിരുന്നു. വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറില്‍ ഒപ്പുവെച്ചു എന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല.
പ്രതിക്കൊപ്പം പിറന്നാളാഘോഷം, ചിത്രം പുറത്ത്
അതിനിടെ ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പാന്‍മസാല കടത്ത് പൊലീസ് പിടികൂടുന്നതിന് നാലു ദിവസം മുമ്പാണ് ഈ ചിത്രമെടുത്തത്. ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. പിടിയിലായവരുമായി ഒരു ബന്ധവുമില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടെയാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമൊത്തുള്ള ചിത്രം പുറത്തു വന്നിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates