

തിരുവനന്തപുരം: ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരു വേദിയില്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന ഉദ്ഘാടന വേദിയാണ് ഇരുമുഖ്യമന്ത്രിമാരും ഒന്നിച്ചത്. സിദ്ധരാമയ്യയെ ഹസ്തദാനം ചെയ്യുകയും, കുശലം പറയുകയും ചെയ്ത മുഖ്യമന്ത്രി, പിന്നീട് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.
ശ്രീനാരായണ ദര്‍ശനങ്ങള്‍ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാനുള്ള ഗൂഡശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈയൊരു സന്ദര്‍ഭത്തിലാണ് ശിവഗിരി തീര്‍ത്ഥാടനം ഇത്തവണ നടക്കുന്നത്. ഒരു ജാതിയുടേയോ മതത്തിന്റെയോ അതിരുകള്‍ക്കുള്ളില്‍ ഗുരുവിനെ തളച്ചിടാനുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ലോകത്തെ മുഴുവന്‍ വിമോചിപ്പിക്കാനുള്ള ദര്‍ശന മഹിമ നല്‍കിയ ഗുരുവര്യനാണ് ശ്രീനാരായണ ഗുരുവെന്നും, 93-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ ഗുരുവിന്റെ ദര്‍ശന മഹിമയും അതിന്റെ സൂര്യവെളിച്ചത്തില്‍ നടത്തിവരുന്ന ശിവഗിരി തീര്‍ത്ഥാടന സമ്മേളനങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നാടിനെയാകെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ചത് ആ ദര്‍ശന പെരുമ തന്നെയാണ്. സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയും, ആര്‍ദ്രം പദ്ധതിയുമെല്ലാം ഗുരു ചൂണ്ടിക്കാട്ടിയ സഹജീവിയോടു കാണിക്കേണ്ട കരുതലിന്റെ അനുബന്ധങ്ങളാണ്. ഗുരു മുന്നോട്ടു വെച്ച കൃഷിയുടേയും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും സന്ദേശങ്ങളും സര്‍ക്കാര്‍ ഫലപ്രദമായി നിര്‍വഹിച്ചാണ് മുന്നോട്ടു പോകുന്നത്. ഗുരുവിന്റെ മൂല്യവത്തായ സന്ദേശങ്ങള്‍ മുന്‍നിര്‍ത്തി മൂര്‍ത്തമായ ചില കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പഴയ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ രാജ്യത്തിന്റെ ആധുനിക നിയമവ്യവസ്ഥയാക്കി പുനഃസ്ഥാപിക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയവും അധികാരവും ഒരുപോലെ സംഘടിതമായി ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ്. ഈ ശ്രമം വിജയിച്ചുകൂടാ. ഒരു മതത്തിന്റെ രാഷ്ട്രമെന്ന സങ്കല്‍പ്പം, പലമതസാരവുമേകം എന്നു പഠിപ്പിച്ച ഗുരുവിന്റെ വചനങ്ങളുമായി പൊരുത്തപ്പെടില്ല എന്നുപറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഗുരുനിന്ദയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രാഹ്മണനും ക്ഷത്രിയനും അധികാരം കയ്യാളുകളും ബഹുജനമാകെ അടിമത്തത്തിന്റെ അപമാനം പേറി ജിവിക്കുകയുമായിരുന്നു പണ്ട് ചെയ്തിരുന്നത്. ആ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ ആദ്യപടിയായിരുന്നു ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുകയെന്നത്. ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുക എന്നത് ജാതി വ്യവസ്ഥയുടെ യുക്തിയെ തകര്‍ക്കുക കൂടിയാണ്. മേല്‍ജാതി, കീഴ്ജാതി എന്നിങ്ങനെ വിഭജിക്കപ്പെട്ട ജാതിഘടനയുടെ ചട്ടക്കൂടിലാണ് മനുഷ്യന്‍ മനുഷ്യനെ തന്നെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരുന്നത്. ആ ചൂഷണ വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ബ്രാഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തയുടെ ആയുധം ഉയര്‍ന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രസംഗത്തിന് ശേഷം സിദ്ധരാമയ്യയ്ക്ക് ഉപഹാരം നല്‍കിയശേഷമാണ് പിണറായി വിജയന്‍ വേദി വിട്ടത്. മന്ത്രിസഭായോഗം ഉള്ളതിനാലാണ് സിദ്ധരാമയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ ഇരിക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി വി എന്‍ വാസവന്‍, സിപിഎം ജില്ലാ സെക്രട്ടറി വി ജോയി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കര്‍ണാടകയിലെ യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates