

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീട്ടിലെത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പിണറായി, നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഉറപ്പു നൽകി.
ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. സ്വാധീനമുള്ളവർക്കും പണമുള്ളവർക്കും എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാവില്ല. അർഹമായ ശിക്ഷ കുറ്റവാളിക്ക് ലഭിക്കണം. കുടുബത്തോടൊപ്പം സമൂഹം ആകെയുണ്ട്. ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ പറഞ്ഞത് പോലെയുള്ള നടപടികൾ ഉണ്ടായില്ല എന്നാണ് കുടുംബം പറയുന്നത് എന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പ്രോസിക്യൂഷൻ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം പ്രതിപക്ഷ നേതാവിനോടും ഉന്നയിച്ചു. പ്രോസിക്യൂഷനിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ജയബാലകൃഷ്ണന്റെ മകൾ പറഞ്ഞു. കേസ് ഓരോ തവണയും കോടതി പരിഗണിക്കുമ്പോഴും പ്രതീക്ഷയുടെ ഗ്രാഫ് താഴുകയാണെന്നും ഭദ്രകീർത്തി അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates