

തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ടെന്‍ഡര്‍ നടപടികളോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതായും പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങുന്നതിനുള്ള വില നിശ്ചയിക്കാവൂവെന്ന് പിണറായി ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ മാസമാണ് വിഇഎച്ച് ഗ്ലോബലില്‍നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഫറുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ തീരുമാനമെന്നും ഇതിന് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രമാണ് വിലയെന്നും ഇത്രയും ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 22നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കമ്പനിക്ക് യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ്യതയില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്‍പര്യപ്രകാരമാണെന്നും പിണറായി ചോദിച്ചു. ജിഎന്‍എ കരാറിലെ അഴിമതി ആരോപണങ്ങളില്‍ കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന മറുപടി നല്‍കി ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒപ്പിട്ട കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമായ മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates