പെയ്ഡ് സര്‍വേകളാണോ പുറത്തു വരുന്നതെന്ന് സംശയം; എന്ത് ആധികാരികതയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി

എന്തു ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനത്തിലെത്തുന്നത് ?
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഫെയ്സ്ബുക്ക്
Updated on
2 min read

മലപ്പുറം: തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേകള്‍ കുറച്ചു കാലമായി പ്രത്യേക രീതിയിലാണ് വരുന്നത്. അത് പുതിയ കാര്യമല്ല. പെയ്ഡ് ന്യൂസ് എന്നു ചില കാര്യങ്ങളെക്കുറിച്ച് പറയാറില്ലേ. അത്തരത്തിലുള്ള ചില സര്‍വേകളും പുറപ്പെട്ടിട്ടുണ്ടെന്നാണ് കാണാന്‍ സാധിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് പറഞ്ഞു.

സര്‍വേകളില്‍ യുഡിഎഫിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഏറ്റവും ഒടുവിലായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സര്‍വേയില്‍ പ്രവചിച്ചിരുന്നത് ഒന്നു പരിശോധിച്ചാല്‍ നന്നാകും. കെ കെ ശൈലജ, പി രാജീവ്, എംഎം മണി, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എംബി രാജേഷ് തുടങ്ങി എത്രപേരാണ് തോല്‍ക്കുമെന്ന് സര്‍വേ പ്രവചിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനൊന്നും ഒരു വിശ്വാസ്യതയുമില്ലെന്ന് തെളിഞ്ഞിട്ടും അതേപരിപാടിയുമായി വീണ്ടും വരികയും സമാനമായ പ്രവചനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആളുകള്‍ തെറ്റിദ്ധരിച്ച് രണ്ടു വോട്ടെങ്കിലും കിട്ടുമോയെന്ന് നോക്കുകയാണ് ഇതിന്റെ പിന്നിലുള്ളത്. പെയ്ഡ് വാര്‍ത്ത പോലെയാണോ ഇപ്പോഴത്തെ സര്‍വേകളും എന്ന് ആളുകള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. പെയ്ഡ് സര്‍വേകളാണോ പുറത്തു വിടുന്നതെന്നാണ് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന സംശയം. എന്തു ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിഗമനത്തിലെത്തിയതെന്ന് പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

സര്‍വേ നടത്തുന്ന രീതി, എത്ര പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു, ഫലപ്രവചനം എങ്ങനെ തുടങ്ങിയ വിവരങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് പ്രീപോള്‍ സര്‍വേഫലം പുറത്തു വിടുന്നത്. ഇതിന്റെ ആധികാരികത എന്തെന്ന് ആളുകള്‍ക്ക് അറിയില്ല. ഏതെങ്കിലും ഒരു ഏജന്‍സിയുടെ പിന്‍ബലത്തില്‍ തട്ടിക്കൂട്ടി പുറത്തു വിടുന്ന ഇത്തരം കണക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യത്തില്‍ മാത്രമുള്ളതാണ്. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലും നമ്മുടെ ചില മാധ്യമങ്ങള്‍ ഓവര്‍ടൈം പണിയെടുക്കാറുണ്ടല്ലോ. അര്‍ധ സത്യങ്ങളും അതിശയോക്തികളും നിരന്തരം പ്രചരിപ്പിക്കുക, അങ്ങനെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. അതു നോക്കിയാല്‍ രണ്ടു മുന്നണികള്‍ മാത്രമേ സംസ്ഥാനത്ത് മത്സരിക്കുന്നൂള്ളൂ എന്നു തോന്നും.

എല്‍ഡിഎഫിനെ നല്ലരീതിയില്‍ തമസ്‌കരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ വിഷയങ്ങളും വിമര്‍ശനങ്ങളും അപ്പാടെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. ഇതിനകം 15 മണ്ഡലങ്ങളില്‍ പൊതുയോഗങ്ങളില്‍ താന്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ, ആ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെതിരെ ശക്തമായ രാഷ്ട്രീയ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് എടുക്കാത്തതുകൊണ്ടാണ് കോണ്‍ഗ്രസിനെ താന്‍ വിമര്‍ശിക്കുന്നത്. ആര്‍എസ്എസിനെ പേടിച്ച് സ്വന്തം പതാക പോലും ഒളിപ്പിച്ചുവെച്ച കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയാണ് വിമര്‍ശിച്ചത്. യുഡിഎഫിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വ്യക്തമായ നിലപാടില്ല. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും വരുമ്പോള്‍ അത്തരം വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ശക്തമായ ശബ്ദം യുഡിഎഫിന്റെ ഭാഗത്തു നിന്നും ഉയരുന്നുമില്ല. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നേരത്തെ അഭിപ്രായം പറഞ്ഞില്ല എന്നു മാത്രമല്ല, അവരുടെ പ്രകടന പത്രികയില്‍ പരാമര്‍ശം പോലുമില്ല. സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെയോ പതാക ഉയര്‍ത്തിപ്പിടിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും അധഃപതനം എത്ര വലുതാണെന്നാണ് വ്യക്തമാകുന്നത്.

ഇന്നു കേരളത്തില്‍ എന്‍ഡിഎക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാരാണ്. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ടാണ് രാഹുല്‍ഗാന്ധിയും വിഡി സതീശനും നരേന്ദ്രമോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നത്. എന്തു വിരോധാഭാസമാണിത്. മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും അതിനെ നയിക്കുന്ന ആര്‍എസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

pinarayi vijayan
കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് : പ്രവാസി മലയാളിക്കെതിരെ കേസ്

ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ കുനിഞ്ഞു നിന്ന് വിളക്കു കൊളുത്തിയവരും ആര്‍എസ്എസിനോട് വോട്ട് ഇരന്നു വാങ്ങിയവരും സ്വന്തം മുഖം കണ്ണാടിയില്‍ നോക്കിയാല്‍ നന്നായിരിക്കും. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് അവസരവാദത്തിനും നിലപാട് ഇല്ലായ്മയ്ക്കും എതിരായ വിധിയാണ് എഴുതുക. മത്സരത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ബിജെപി അപ്രസക്തമാകുകയും എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com