

കൊച്ചി: കവിയും കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനുമായ കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇടതുപക്ഷത്തു നിന്നുകൊണ്ട് ഇടതുപക്ഷത്തെ ആക്രമിച്ചാല്‍ വലതുപക്ഷത്തിന്റെ കൈയടിയും സ്വീകാര്യതയും ഏറുമെന്ന് പിണറായി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ തുടര്‍ഭരണം വേണ്ടെന്ന നിലപാട് സ്വീകരിച്ച, സച്ചിദാനന്റെ പേരെടുത്ത് പറയാതെയായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം.
കൊച്ചിയില്‍ പ്രൊഫ. എംകെ സാനുവിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും ഡോ. എം ലീലാവതിക്ക് സാനു സമ്മാനം 2026 സമര്‍പ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് വര്‍ധിപ്പിക്കാന്‍ പ്രൊഫ. എം കെ സാനു ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ഇടതുപക്ഷത്തെ ആക്ഷേപിക്കുന്ന വാക്കുകള്‍ ശത്രുപക്ഷത്തിന് ആയുധമാകുമെന്ന് തിരിച്ചറിയാനുള്ള വിവേകം സാനുമാഷിന് ഉണ്ടായിരുന്നു. നവോത്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ നവകേരളം യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂവെന്നും പ്രൊഫ. എം കെ സാനു വിശ്വസിച്ചു. വ്യാജ രീതികള്‍ ഉപയോഗിച്ച് തിളക്കിയെടുക്കേണ്ടതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്കുണ്ടെന്ന് സാനുവിന് ബോധ്യമുണ്ടായിരുന്നു.
എന്നാല്‍ അത് ഇല്ലാത്തവര്‍ക്കാണ് തങ്ങള്‍ ഇവിടെയുണ്ടെന്ന് അറിയിക്കാന്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരുന്നത്. പ്രായാധിക്യം അവഗണിച്ച് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനായി പ്രൊഫ. എം കെ സാനു പ്രയത്‌നിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പാലിച്ചും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അകൃഷ്ടനായുമാണ് എംകെ സാനു പ്രവര്‍ത്തിച്ചിരുന്നതെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. ഒരുലക്ഷം രൂപയും ശില്‍പ്പവും കീര്‍ത്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡോ. എം ലീലാവതിയുടെ വീട്ടിലെത്തിയാണ് സമ്മാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates