'ആരെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല', ഈ കല്ലിടല്‍ ഭൂമി ഏറ്റെടുക്കാനല്ല; വിശദീകരിച്ച് മുഖ്യമന്ത്രി

ഭൂമിക്കും സ്വത്തിനും അധിക വില നല്‍കിയാണ് ഏറ്റെടുക്കുക
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയെല്ലാം ഭൂമി ഏറ്റെടുക്കേണ്ടിവരും എന്നു കണ്ടെത്താനാണ് കല്ലിടുന്നത്. കല്ലിടല്‍ പൂര്‍ത്തിയായ ശേഷം ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല. ഇപ്പഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും വരില്ല. ഇപ്പോഴത്തെ കല്ലിടല്‍ പൂര്‍ത്തിയായ ശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടക്കുക. ഭൂമിക്കും സ്വത്തിനും അധിക വില നല്‍കിയാണ് ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക ആഘാത പഠനം പൂര്‍ത്തിയായ ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്കു കടക്കൂ. പദ്ധതിയിലൂടെ ആരും കിടപ്പാടം ഇല്ലാത്തവരായി വരില്ല. പദ്ധതിയുടെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കെ റെയില്‍ എംഡി പറഞ്ഞതാണ് ശരി. ബഫര്‍ സോണിനു നഷ്ടപരിഹാരം നല്‍കില്ല. 

റെയില്‍വേ പദ്ധതി ആയതിനാല്‍ സില്‍വര്‍ ലൈനിന് കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി അനുമതി ആവശ്യമില്ല. എങ്കിലും വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം ഡിപിആറിലെ അവ്യക്തത നീക്കി വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയെക്കുറിച്ച് അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. പ്രതികരണങ്ങള്‍ ആരോഗ്യപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്. 

വേഗവും സുരക്ഷയും ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് കേരളത്തിനു വേണ്ടത്. അത് പരിസ്ഥിതി സൗഹൃദവുമാവണം. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണ്. തിരുവനന്തപുരം-കാസര്‍ക്കോട് യാത്രാ സമയം നാലു മണിക്കൂറായി ഇതിലൂടെ കുറയും.

നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും യാഥാര്‍ഥ്യമായിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി. സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന്റെ റെയില്‍ പ്ലാനിന്റെ ഭാഗമാണ് സില്‍വര്‍ ലൈന്‍. കേന്ദ്ര അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി ഇതിനെ കാണണം. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമാണ് സില്‍വര്‍ലൈന്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സില്‍വര്‍ ലൈനിന് എതിരെ കേരളത്തില്‍ വിചിത്ര സഖ്യം രൂപപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റായ പ്രചാരണമാണ് പദ്ധതിക്കെതിരെ നടക്കുന്നത്. നാട്ടില്‍ വികസനം പാടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. വികസന വിരുദ്ധ വിദ്രോഹ സഖ്യത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com