

ആലപ്പുഴ: സിപിഎമ്മിന് മാത്രമല്ല കേരളത്തിലെ ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കാകെയും വലിയ നഷ്ടമാണ് വിഎസിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ പങ്കുവഹിച്ച ചുരുക്കം മഹാരഥന്‍മാരില്‍ ഒരാളാണ് വിഎസ് എന്ന് മുഖ്യമന്ത്രി അനുശോചന സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ഇടചേര്‍ന്നാണ് ആ ജീവിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രത്യേകിച്ച് കര്‍ഷ പ്രസ്ഥാനം ശക്തിപ്പെടുത്തിയ ഏറ്റവും വലിയ നേതാവാണ് വിഎസ്. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചുമതലയേറ്റുപോയ വിഎസ് കൃഷ്ണപിള്ളയുടെ നിര്‍ദേശം ഭംഗിയായി നിര്‍വഹിച്ചു. അതിലൂടെ അതുല്യമായ സംഘടനാശേഷി നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുതിയ കേരളത്തിന്റെ നല്ല നിലയിലുള്ള വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് വിഎസ് നല്‍കിയത്. ജാതി, മത വര്‍ഗീയ ശക്തികള്‍ക്കെതിരെ നിരന്തരപോരാട്ടം നടത്തിയ ജീവിതമാണ് വിഎസിന്റെത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വര്‍ഗ താത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ നേതാക്കളില്‍ ഒരാളാണ് വിഎസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശത്രുവര്‍ഗത്തിന്റെ ആക്രമണത്തിന് മുന്നില്‍ ഒട്ടും പതറാതെയുള്ള നിലപാടുകള്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കരുത്തുപകര്‍ന്നു, ഏത് പ്രതിസന്ധിഘട്ടങ്ങളിലും ചഞ്ചലപ്പെടാതെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോയി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എറ്റവും മികാര്‍ന്ന സംഘാടകന്‍ എന്ന നിലയിലാണ് വിഎസ് പ്രവര്‍ത്തിച്ചത്. മതവര്‍ഗീയവാദികളുടെ ആപത്ത് നിലനില്‍ക്കുന്നതാണ് ഈ ഘട്ടം. പാര്‍ലമെന്ററി ജനാധിപത്യം പോലും എത്രകാലം നിലനില്‍ക്കുമെന്ന ആശങ്കയ്ക്കിടെയാണ് വിഎസിന്റെ വിയോഗം. എല്ലാ ഘട്ടങ്ങളിലും ഇതുപോലുള്ള നേതാക്കന്‍മാരുടെ വിയോഗം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പരിഹരിക്കാനാണ് എക്കാലവും ശ്രദ്ധിച്ചുവന്നിട്ടുള്ളത്. വിഎസിന്റെ വിയോഗം പ്രത്യേകിച്ച് സിപിഎമ്മിനാണ് വലിയ നഷ്ടമുണ്ടാക്കുന്നതെങ്കിലും പാര്‍ട്ടിയുടെ ഭാഗമല്ലാത്തവര്‍ പോലും അദ്ദേഹത്തിന്റെ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിച്ച് വരികയും സന്ദേശം അറിയിക്കുകയുമുണ്ടായി. അവരോട് ഈ ഘട്ടത്തില്‍ നന്ദിയറിക്കുന്നു. നമ്മുടെ കേരളത്തിന്റെ ഉത്തമനായ ഒരു സന്താനത്തെ അതേ രീതിയില്‍ കണ്ടുകൊണ്ട് അംഗീകരിക്കാന്‍ എല്ലാവരും സന്നദ്ധരായി എന്നതിലാണ് തങ്ങള്‍ക്ക് അതിയായ ചാരിതാര്‍ഥ്യമുള്ളതെന്നും പിണറായി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates