'രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ല; ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെത്'

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം. അതിനാല്‍ തന്നെ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്.
Pinarayi Vijayan says Raj Bhavan is not an RSS Shakha
pinarayi vijayan
Updated on
1 min read

തിരുവനന്തപുരം: രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (pinarayi vijayan). രാജ്ഭവന്‍ രാജ്യത്തെ ഒരു പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട് സ്വകരിക്കുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു.

രാജ്ഭവന്‍ രാഷ്ട്രീയ പ്രചരത്തിനുള്ള വേദിയായി മാറ്റാന്‍ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം. അതിനാല്‍ തന്നെ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്. അതിനാല്‍ ആര്‍എസ്എസിന്റെ ചിഹ്നം ആര്‍എസ്എസുകാര്‍ അംഗീകരിച്ചോട്ടെ പക്ഷേ അത് എല്ലാവരും അംഗീകരിക്കണമെന്നത് നിലപാട് അനുവദിക്കില്ല. അതിനായി രാജ്ഭവനെ ഉപയോഗിക്കാനും പാടില്ല.

സ്വാതന്ത്രത്തിനുശേഷം രാജ്യം ഭരണഘടനയ്ക്കു രൂപം നല്‍കിയപ്പോള്‍ അതില്‍ അസന്തുഷ്ടിയും വിയോജിപ്പും ഉയര്‍ത്തിയവരാണ് ആര്‍എസ്എസുകാര്‍. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയ കാര്യമാണ് ഇത്. 1947 ജൂലൈ17 ന് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ള പതാകയായിരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഭാരതാംബയുടെ കയ്യില്‍ അവര്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

ഔദ്യോഗികമായി ഒന്നല്ലാത്ത ഒന്നിനെ ഔദ്യോഗികമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. സ്വാതന്ത്ര സമരകാലത്ത് വൈദേശിക ശക്തികളോട് പാദസേവചെയ്യുന്ന രീതിയാണ് ആര്‍എസ്എസുകാര്‍ സ്വീകരിച്ചത്. ആഭ്യന്തര ശത്രുക്കളായ ന്യൂനപക്ഷങ്ങളോടും കമ്മ്യൂണിസ്റ്റ്കാരോടും പടനയിക്കണമെന്നായിരുന്നു അന്നവര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്ഭവനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ ഭൂപടം ഇന്ത്യയുടെ ഭൂപടമല്ല. ബ്രീട്ടീഷ് ഭരണങ്ങളുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളുടെ ഭൂപടമാണ്. ദക്ഷിണേഷ്യയിലെ രാജ്യങ്ങളെ ഒറ്റ ഹിന്ദുത്വ രാഷ്ട്രമായി ഏകീകരിക്കണമെന്ന വര്‍ഗീയ അജണ്ടയുണ്ട് ആര്‍എസ്എസിന്. ആ വര്‍ഗീയ പ്രോജക്ടിന് നമ്മുടെ രാജ്യത്തിലെ ഭരണഘടന ഒരു പിന്തുണയും പിന്‍ബലവും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഭരണഘടന നിര്‍ദേശിച്ചിട്ടില്ലാത്ത ഒന്നിനെ അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com