

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടേയും പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെ സ്ഥാനാര്‍ത്ഥിയായ വി ശിവന്‍കുട്ടിയും ആരോടും നേരിട്ട് പിന്തുണ ആവശ്യപ്പെട്ടിട്ടുമില്ല. എസ്ഡിപിഐ പിന്തുണയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതുസംബന്ധിച്ച് പ്രചരിക്കുന്നത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഞങ്ങള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടേയില്ല. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍, ആ മണ്ഡലത്തിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രയോഗിക നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടാകും. അതല്ലാതെ എല്‍ഡിഎഫിന് പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടിയിട്ടില്ല. കഴിഞ്ഞതവണ നേമത്ത് എസ്ഡിപിഐ ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടുണ്ടെങ്കില്‍, അവിടത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് 2016 ല്‍ കോണ്‍ഗ്രസ് ഒരുക്കിയത്. സാധാരണ ഗതിയില്‍ ബിജെപി ജയിച്ചു വരേണ്ടിയിരുന്ന മണ്ഡലമായിരുന്നില്ല അത്. എന്നാല്‍ ബിജെപി വിജയിച്ചു. അന്ന് പ്രത്യേകതരത്തില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് അന്ന് ബിജെപി ജയിച്ചത്. ഞങ്ങള്‍ 2021 ല്‍ തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നതാണ്. ബിജെപി ജയിച്ചുകൂടാ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ശക്തികള്‍ നമ്മുടെ രാജ്യത്തും കേരളത്തിലുമുണ്ട്. ബിജെപിയെ ഞങ്ങള്‍ ശക്തമായി നേരിടുന്നു എന്നു കണ്ടപ്പോള്‍ സാധാരണഗതിയില്‍ രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ചില ആളുകള്‍, ബിജെപിയെ തോല്‍പ്പിക്കാനായി ഞങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫാണ് ശരിയായ രീതിയില്‍ മുന്നിട്ടിറങ്ങിയതെന്ന് മനസ്സിലാക്കി എല്‍ഡിഎഫിനെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ടാകും. അത് ഏതെങ്കിലും കരാറിന്റെയോ ധാരണയുടേയോ ഭാഗമല്ല. 2021 ലെ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും വര്‍ഗീയതയുമായി എന്തെങ്കിലും തരത്തിലുള്ള ബാന്ധവം എല്‍ഡിഎഫ് ഉണ്ടാക്കിയിട്ടുണ്ടോ ?. വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയെ എതിര്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. അതിന്റെ ഫലമാണ് കഴിഞ്ഞ പത്തുവര്‍ഷം കേരളം വര്‍ഗീയ സംഘര്‍ഷമോ, വര്‍ഗീയ കലാപമോ ഇല്ലാത്ത നാടായി നിലനില്‍ക്കുന്നത്. ഇതിനിടയാക്കിയത് വര്‍ഗിയതക്കെതിരായ എല്‍ഡിഎഫിന്റെ ശുദ്ധമായ നിലപാടാണ്. ആ നിലപാടില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates