VS Achuthandan ,PJ Francis, cpm, congress
VS Achuthandan and PJ FrancisDeepu TNIE, Niyamasahba

അന്നു വിഎസിനെ തോല്‍പ്പിച്ച പി ജെ ഫ്രാൻസിസ്, എതിരാളിയുടെ പേരിൽ അറിയപ്പെട്ട കോണ്‍ഗ്രസ് നേതാവ്

വി എസ്സിനെ തോൽപ്പിച്ച് നിയമസഭയിൽ കന്നിക്കാരനായി എത്തിയ പി ജെ ഫ്രാൻസിസ് കഴിഞ്ഞ മാസം 18 ന് വിടപറഞ്ഞു, ഒരു മാസം പിന്നിടുമ്പോൾ ആ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, പകരംവെക്കാനില്ലാത്ത നേതാവായി മാറിയ വി എസ്സും. ജയിച്ചപ്പോഴും എതിർസ്ഥാനാർത്ഥിയുടെ പേരിൽ അറിയപ്പെട്ട നേതാവായിരുന്നു പി ജെ ഫ്രാൻസിസ്.
Published on

പി ജെ ഫ്രാൻസിസ് എന്ന ആലപ്പുഴയിലെ കോൺ​ഗ്രസ് നേതാവ് 1996 ൽ ജയന്റ് കില്ലറായി നിയമസഭയിൽ എത്തുമ്പോൾ, കേരള രാഷ്ട്രീയം മറ്റൊരു വഴിത്തിരിവിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിപക്ഷത്തെ ഒറ്റയാളിൽ കാണുന്നതിലേക്ക് വഴിവെട്ടിയതായിരുന്നു, മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രി സ്ഥാനാർത്ഥിക്ക് പിന്നിൽ നിന്നേറ്റ കുത്ത്.

1996 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, പരാജിതനായ പടനായകനും ജയിച്ച പടയും എന്നതായിരുന്നു എൽ ഡി എഫി​ന്റെ അവസ്ഥ. അന്ന് വി എസ്സിനെ തോൽപ്പിച്ച് നിയമസഭയിൽ കന്നിക്കാരനായി എത്തിയ പി ജെ ഫ്രാൻസിസ് കഴിഞ്ഞ മാസം 18 ന് വിടപറഞ്ഞു, ഒരു മാസം പിന്നിടുമ്പോൾ ആ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, പകരംവെക്കാനില്ലാത്ത നേതാവായി മാറിയ വി എസ്സും.

കേരള രാഷ്ട്രീയത്തില്‍ ആലപ്പുഴയ്ക്ക് പുറത്ത് താരതമ്യേന അപ്രശസ്തനായിരുന്നു പി ജെ ഫ്രാൻസിസ് എന്ന കോൺ​ഗ്രസ് നേതാവ്. ജയിച്ചപ്പോഴും എതിർസ്ഥാനാർത്ഥിയുടെ പേരിൽ അറിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. 1987 ലും 1991 ലും അരൂരിൽ ​കെ. ആർ ​ഗൗരിയമ്മയോട് പരാജയപ്പെട്ട ഫ്രാൻസിസിനെ 1996ൽ മാരാരിക്കുളത്ത് മത്സരിക്കാനയക്കുമ്പോൾ കോൺ​ഗ്രസോ ഫ്രാൻസിസോ തോൽവിയല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടു പോലുമില്ലായിരിക്കണം. അതിന് പല കാരണങ്ങളുണ്ടായിരുന്നു. ഒന്ന് മാരാരിക്കുളം സിപി എമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലം. പ്രതിപക്ഷനേതാവായ വി എസ്സി​ന്റെ സിറ്റിങ് സീറ്റ്, യുഡിഎഫ്, പ്രത്യേകിച്ച് കോൺ​ഗ്രസ് പലവിധ പ്രശ്നങ്ങളിൽ പെട്ട് ഉഴറുന്നകാലം. കരുണാകരൻ മാറി ആ​ന്റണി മുഖ്യമന്ത്രിയായിട്ടും കാര്യങ്ങളൊന്നും വരുതിയിലാകാതെ പോകുന്നു. ശിവ​ഗിരിയിൽ പൊലീസ് കയറിയത്, സൂര്യനെല്ലി, ചാരക്കേസ്, അഴിമിതിയാരോപണങ്ങൾ എന്നിങ്ങനെ യു ഡി എഫിനെ വേട്ടയാടുന്ന കാര്യങ്ങൾ നിരവധി.

VS Achuthandan ,PJ Francis, cpm, congress
'നീതിക്കായി അക്ഷീണം ശബ്ദമുയര്‍ത്തിയ നേതാവ്'; വിഎസിനെ അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മറുവശത്താണെങ്കിൽ സിറ്റിങ് സീറ്റ്, സർക്കാരിനെതിരെ പാമോയിലും ഇടമലയാറും സൂര്യനെല്ലിയും ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിയമസഭയ്ക്കതത്തും പുറത്തും വി എസ് നടത്തുന്ന സമരങ്ങൾ. കയർ, കശുവണ്ടി മേഖലയും ചാരായനിരോധനവുമായി ബന്ധപ്പെട്ട തൊഴിൽ വിഷയങ്ങളിലും വി എസ് നടത്തിയ ഇടപെടൽ. ഇതിലൊക്കെ സി പി എം എന്ന പാർട്ടിയുടെ റോൾ ഉണ്ടെങ്കിലും വി എസ് എന്ന വ്യക്തിക്ക് അതിലുള്ള റോൾ അതിലേറെയായിരുന്നു. അത് അന്നത്തെ മാധ്യമങ്ങളിൽ വി എസ്സിന് അനുകൂലമായും പ്രതികൂലമായുമുള്ള വാർത്തകളായും കാർട്ടുണുകളായും ഒക്കെ കാണാനാകും.

ഇങ്ങനെ വി എസ് നിറഞ്ഞുനിൽക്കുന്ന കാലമായിരുന്നു. അന്ന് തൊഴിലാളികൾക്ക് മുൻതൂക്കമുള്ള മാരാരിക്കുളം മണ്ഡലത്തിൽ, വി എസ്സിനെതിരെ തോൽക്കുക എന്നത് മാത്രമാണ് വിധി എന്ന് കരുതി മത്സരിക്കാനിറങ്ങിയതായിരുന്നു പി ജെ ഫ്രാൻസിസ്. എന്നാൽ, വിധി മറിച്ചായി. 1965 വോട്ടുകൾക്കാണ് മാരാരിക്കുളത്ത് നിന്ന് ഫ്രാൻസിസ് ജയിച്ചത്. 1991 ൽ യു ഡിഎഫ് അനുകൂല തരം​ഗം ആഞ്ഞടിച്ചപ്പോൾ പോലും വി എസ് പതിനായിരത്തോളം(9,980) വോട്ടുകൾക്ക് ജയിച്ച മണ്ഡലമാണ് മാരാരിക്കുളം.

എന്നാൽ, സി പി എമ്മിൽ അന്ന് നിലനിന്നിരുന്ന വിഭാഗീയത വി എസ്സിന് തിരിച്ചടിയാവുകയായിരുന്നു. പാർട്ടിയിലെ എതിർപക്ഷം നീക്കിയ കരുക്കളിലാണ് മാരാരിക്കുളത്ത് 1996 ൽ വി എസ് തോറ്റതെന്ന് പിന്നീട് സിപി എം കണ്ടെത്തി. ഇതി​ന്റെ പേരിൽ ഏരിയാ സെക്രട്ടറിയായിരുന്ന സി.കെ. ഭാസ്കരനെയും ജില്ലാ നേതാവായിരുന്ന ടി.കെ.പളനിയെയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.

ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരിക്കെയാണ് പി ജെ ഫ്രാൻസിസ് കോൺഗ്രസിലെ സജീവ പ്രവർത്തകനായി മാറുന്നത്. എറണാകുളം ലോ കോളജിൽ നിന്ന് നിയമബിരുദം നേടി ആലപ്പുഴ കോടതിയിൽ 35 വർഷം അഭിഭാഷകനായിരുന്നു അദ്ദേഹം. ആലപ്പുഴ നഗരസഭയിൽ 1979-1982 കാലത്ത് പ്രതിപക്ഷ നേതാവായിരുന്നു ഫ്രാൻസിസ്. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഐഎൻടിയുസി- കെഎസ്ഇബി യൂണിയൻ പ്രസിഡന്റ്, ആലപ്പുഴ ഡിസിസി വൈസ് പ്രസിഡ​​ന്റ്, കെ പി സി സി അം​ഗം എന്ന നിലകളിൽ പ്രവർത്തിച്ചു. ‌ എ.കെ. ആന്റണി ​ഗ്രൂപ്പിനോടൊപ്പം നിന്നിരുന്ന ഫ്രാൻസിസ് പിന്നീട് പാർട്ടിയിൽ നിന്നും അകന്നു, സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറി.

Summary

PJ Francis,the congress leader who won from Mararikulam in 1996, was known in the name of his opponent VS Achuthandan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com