

പാലക്കാട്: പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടലാണെന്ന് പി കെ ശശി. ഒരാളെ പുറത്താക്കിയതുകൊണ്ട് അവരൊന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി അറിഞ്ഞു നല്‍കിയ സ്ഥാനമാനങ്ങളാണ് തനിക്ക് ലഭിച്ചത്. അല്ലാതെ ഇവന്റെയൊന്നും സൗജന്യമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ വിമര്‍ശനത്തിന് മറുപടിയായി പി കെ ശശി പറഞ്ഞു.
പാര്‍ട്ടി അറിഞ്ഞു നല്‍കിയ സ്ഥാനങ്ങളാണ് അതെല്ലാം. ശരിയായ രൂപത്തിലാണ് അത് ഉപയോഗിച്ചിട്ടുള്ളത്. സുരേഷ് ബാബു ഒന്നിനും പറ്റാത്ത ഒരാളാണെന്ന് കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കണ്ടില്ലേ. ഇനി കാണാന്‍ പോകുന്നതേയുള്ളൂ. ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ, ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ പി കെ ശശി ആയുസ്സില്‍ ഇതുവരെ തയ്യാറായിട്ടില്ല. ശശി മരിക്കുന്നതുവരെ അതിനു തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടപടി നേരിട്ട സഖാക്കള്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു. അതു വിളിച്ച സഖാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ താന്‍ സമ്മതിക്കുകയായിരുന്നു. പുറത്താക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ പോരാട്ടം തുടരുമെന്നും പി കെ ശശി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. സുരേഷ് ബാബുവിന് തന്നോട് വ്യക്തിപരമായ പ്രശ്‌നമാണ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള സുരേഷ് ബാബുവിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി കെ ശശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates