

കൊച്ചി: കലോത്സവ റിപ്പോർട്ടിങുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ. കൺസൾട്ടിങ് എഡിറ്റർ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാർത്താ അവതരണത്തിനിടെ അവതാരകനും റിപ്പോർട്ടർമാരും തമ്മിൽ സംസാരിക്കുന്നതിനിടെ ഉണ്ടായ പരാമർശങ്ങൾ ലൈംഗിക ചുവയോടെയുള്ള ദ്വയാർഥ പ്രയോഗമായി വ്യാഖ്യാനിക്കുന്നുവെന്നും ഹർജിയിൽ ഇരുവരും വാദിച്ചു.
അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ഷഹബാസാണ് കേസിൽ രണ്ടാം പ്രതി. കണ്ടാലറിയുന്ന ഒരാളും കേസിൽ പ്രതിയാണ്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ നേരിട്ടു നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കു നേരെ വ്യംഗ്യാർഥത്തിൽ സംസാരിച്ചതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാർത്തയും ചർച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 3 വർഷം മുതൽ 7 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്.
കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ വാർത്തയ്ക്ക് പിന്നാലെ, അവതാരകൻ അടക്കം നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. ആക്ഷേപമുയർന്നതോടെ സംഭവത്തിൽ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനു ശേഷമാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates