

ആലപ്പുഴ: ഏറ്റുമാനൂരില്‍ നിന്ന് കാണാതായ ജെയ്‌നമ്മയെ കൊലപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തലയില്‍ സ്ത്രീകള്‍ കാണാതായ കേസുകള്‍ പൊലീസ് പുനഃപരിശോധിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് വള്ളാകുന്നത്ത് വെളി സിന്ധു(48) വിന്റെ കേസും വീണ്ടും പരിശോധിക്കുന്നു. ക്ഷേത്ര ദര്‍ശനത്തിന് പോയ സിന്ധുവിനെ പിന്നീട് കാണാതാകുകയായിരുന്നു.
കാണാതായ മൂന്ന് സ്ത്രീകള്‍ക്കും സെബാസ്റ്റിയനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചേര്‍ത്തല സ്വദേശിനി സിന്ധുവിനെ കാണാതായ സംഭവത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. അര്‍ത്തുങ്കല്‍ പൊലീസ് നാലു വര്‍ഷം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിര്‍ദേശത്തില്‍ വീണ്ടും പരിശോധിക്കുന്നു.
2020 ഒക്ടോബര്‍ 19ന് തിരുവഴിയില്‍ നിന്നാണ് കാണാതായത്. ക്ഷേത്ര ദര്‍ശനത്തിന് പോയ സിന്ധു പിന്നീട് തിരിച്ചുവന്നില്ല. സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. 16 വര്‍ഷത്തിനിടെ ചേര്‍ത്തലയിലേയും പരിസര പ്രദേശങ്ങളിലും കാണാതായ സ്ത്രീകളുടെ കേസുകള്‍ ആണ് പരിശോധിക്കുക. ആലപ്പുഴ ക്രൈംബാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും.
മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്പ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭന്‍ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ നടന്നത് കൊലപാതക പരമ്പരയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്പരയാണോയെന്നതടക്കം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.
ചേര്‍ത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദുപത്മനാഭന്‍ (47), കോട്ടയം ഏറ്റുമാന്നൂര്‍ സ്വദേശിനി ജയ്‌നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യന്‍ പങ്ക് ക്രൈംബ്രാഞ്ച് അന്വഷിക്കുന്നതിനിടെയാണ് വീട്ട് വളപ്പില്‍ പരിശോധന നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
