

മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്.
വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യചെയ്തത്. തലയ്ക്ക് വെടിവെച്ചായിരുന്നു മരണം. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.
'കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകിലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായും' എസ്പി പറഞ്ഞു.
അവധി നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതുമുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ടതായി രേഖയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കാന്‍ കൊണ്ടോട്ടി ഡിവൈഎസ്പിയെ സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വിനീതിന്റെ ഫോണും പരിശോധിക്കും. കല്‍പ്പറ്റ ഡിഡിഇ. ഓഫീസ് റിട്ട. ജീവനക്കാരന്‍ വയനാട് മൈലാപ്പാടി പൂളക്കണ്ടി ചെങ്ങായിമേല്‍ ചന്ദ്രെന്റയും വത്സലയുടെയും മകനാണ് വിനീത്. ഭാര്യ: അനുഗ്രഹ. മകന്‍: കൃശംഗ് വി ചന്ദ്. സഹോദരന്‍: വിബിന്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates