

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രിയുടെ കല്ലറയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ഉമ്മന്‍ചാണ്ടിയുടെ കല്ലറയെ എല്‍ഡിഎഫ് അപമാനിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കല്ലറയില്‍ വെച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ല. സംഭവത്തില്‍ ജാഥാ ക്യാപ്റ്റന്‍ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.
അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം ലോക്കല്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേടുന്ന യുവാവാണെന്നാണ് പൊലീസ് പറയുന്നത്. പള്ളിയിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെയും, മൂല്യങ്ങളെയും, നമ്മില്‍ നിന്നും വേര്‍പെട്ടുപോയ ഉമ്മന്‍ചാണ്ടി സാറിനെയും അപമാനിക്കുന്ന പ്രവൃത്തിയാണ് നടന്നതെന്ന് കോട്ടയം ഡിസിസി ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates