

തിരുവനന്തപുരം: കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളെ(wild animals) കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വളരെ പരിമിതമായ അധികാരം മാത്രമാണുള്ളതെന്ന് കേരളത്തിന് മറുപടി നല്‍കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം, ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് ഏര്‍പ്പെടുത്തിയ അപ്രായോഗിക വ്യവസ്ഥകളിലും നടപടക്രമങ്ങളിലും മാറ്റങ്ങള്‍ വരുത്തണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചുകൊണ്ട് മന്ത്രിസഭായോഗ തീരുമാനപ്രകാരം ഇക്കഴിഞ്ഞ ജൂണ്‍ 6-ന് കേരളം അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയത്.
വന്യജീവി സംരക്ഷണ നിമയത്തിന്റെ വകുപ്പ് 11 (1) (എ) പ്രകാരം പട്ടിക ഒന്നിലെ വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം ഉണ്ട് എന്ന് പറയുന്നുണ്ടെങ്കിലും ആയത് ഈ വകുപ്പിന്റെ രണ്ടും മൂന്നും ഖണ്ഡികയില്‍ (പ്രൊവൈസോ) പറഞ്ഞ നിബന്ധനകള്‍ പ്രകാരം ആക്രമണകാരികളായ വന്യമൃഗത്തെ പിടികൂടാനോ, മയക്കുവെടി വെയ്ക്കാനോ മറ്റ് സ്ഥലത്തേക്ക് മാറ്റാനോ സാധിക്കുന്നില്ലെങ്കില്‍ ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമെ ഈ അധികാരം ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ വകുപ്പിന്റെ വിശദീകരണം പ്രകാരം, പിടികൂടുന്ന അത്തരം വന്യമൃഗത്തിന് കാര്യമായ പരിക്ക് പറ്റാതിരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രദ്ധിക്കണം. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പാലിച്ചു മാത്രമെ വന്യമൃഗത്തെ പിടികൂടുന്നതിനും ഒഴിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ മാത്രം അതിനെ കൊല്ലുന്നതിനും ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുള്ളൂ.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അവാസ്തവവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഇപ്പോള്‍ ലഭിച്ച മറുപടിയെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ മാത്രം പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം ക്രമപ്പെടുത്താവുന്നതാണ്. പൊതുവായി ഏതെങ്കിലും വന്യജീവിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ പറ്റില്ല എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര മന്ത്രാലയത്തില്‍ നിന്നു ലഭിച്ച മറുപടി പ്രകാരം കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍ പെട്ട ആന, കടുവ, പുലി, കരടി, വിവിധയിനം കുരങ്ങുകള്‍, മുള്ളന്‍പന്നി, മയില്‍ തുടങ്ങിയ നൂറുകണക്കിന് വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതിന് ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമില്ല. എന്നാല്‍ നരഭോജിയായ മൃഗങ്ങളെ നടപടിക്രമങ്ങള്‍ പാലിച്ച് കൊല്ലന്‍ ഉത്തരവിടാവുന്നതാണ്. കുരങ്ങുകളെ പട്ടിക രണ്ടില്‍ നിന്നും പട്ടിക ഒന്നിലേക്ക് മാറ്റി കടുവയ്ക്കും ആനയ്ക്കും മറ്റും നല്‍കുന്ന സംരക്ഷണം തന്നെ അവയ്ക്കും നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates