തൃശൂര്‍: ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം വ്യോമസേന ഉദ്യോഗസ്ഥനായ എ പ്രദീപും മരിച്ച വിവരം ഇനിയും ഉള്‍ക്കൊള്ളാനാവാത്ത ഞെട്ടലിലാണ് തൃശൂര്‍ പുത്തൂര്‍ ഗ്രാമവാസികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അച്ഛന്‍ രാധാകൃഷ്ണന് അസുഖമായതിനെത്തുടര്‍ന്ന് അവധിക്ക് വന്ന പ്രദീപ് കഴിഞ്ഞ ആഴ്ചയാണ് തിരികെ ജോലിക്ക് പോയത്. ജോലിക്ക് കയറി നാലാംദിവസം മരണത്തിലേക്കാണ് പറന്നുപോയത്.
അച്ഛൻ വെന്റിലേറ്ററിൽ
തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്. അപകടത്തിൽ പ്രദീപ് മരിച്ച വിവരം വീട്ടിൽ വെന്റിലേറ്ററിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണൻ അറിഞ്ഞിട്ടില്ല.മരണവിവരം അമ്മ കുമാരിയെ അറിയിച്ചിട്ടുണ്ട്. ഊട്ടിയിൽ ഹെലികോപ്റ്റർ അപകടമുണ്ടായതായി കേട്ടതു മുതൽ കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററിൽ പോകുന്ന വിവരം തലേദിവസം ഫോൺ വിളിച്ചപ്പോൾ പ്രദീപ് സൂചിപ്പിച്ചിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടർന്ന് രാധാകൃഷ്ണനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പ്രദീപ് നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിലെത്തിക്കുകയും മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തശേഷം തിരികെ ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടം. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ. ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കൾ.
പ്രളയക്കെടുതിയിൽ രക്ഷാദൗത്യത്തിന് മുന്‍പന്തിയില്‍
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്ന പ്രദീപ് 2004ലാണ് വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ആറുമാസം മുൻപാണ് കോയമ്പത്തൂർ സൂലൂരിലെത്തിയത്. കേരളം പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ രക്ഷാദൗത്യം നടത്തിയ വ്യോമസേനാസംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു. ഇതിന് പ്രദീപിന് രാഷ്ട്രപതിയുടെ പ്രശംസയും ലഭിച്ചിരുന്നു.
ആഗ്രഹം പാതിവഴിയില്‍ ഉപേക്ഷിച്ച്...
സേനയിൽ 20 വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്കു മടങ്ങാൻ പ്രദീപ് ആലോചിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ഇതിന്റെ ഭാഗമായി കുടുംബവീടിനോട് ചേർന്ന് പ്രദീപ് സ്ഥലം വാങ്ങി. രണ്ടു വർഷത്തിനകം ഇവിടെ വീടു വെക്കാനായിരുന്നു പ്രദീപിന്റെ പ്ലാൻ. എന്നാൽ ഈ ആഗ്രഹം പാതിവഴിയിലുപേക്ഷിച്ച് പ്രദീപ് മരണത്തിന് കീഴങ്ങിയതായി സുഹൃത്തുക്കൾ പറയുന്നു. അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം, നാട്ടിലെ എല്ലാ പരിപാടികളിലും പ്രദീപ് മുൻപന്തിയിലുണ്ടായിരുന്നു. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവമായിരുന്നു പ്രദീപ്. ഫുട്‌ബോൾ കളിക്കളത്തിലെയും സജീവ സാന്നിധ്യമായിരുന്നു. വീരമൃത്യു വരിച്ച നാടിന്റെ പ്രിയപുത്രന് അന്ത്യാഞ്ജലി നൽകാനുള്ള തയ്യാറെടുപ്പിലാണ് പുത്തൂർ ഗ്രാമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates