

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നാളെ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തിലെത്തി അംഗത്വം എടുക്കും. ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.
'കോണ്‍ഗ്രസില്‍ നിന്നും എല്‍ഡിഎഫില്‍നിന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരും. നാളെ, അതായത് 14-ാം തീയതി തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ അംഗത്വമെടുക്കും. തുടര്‍ന്നങ്ങോട്ട് ഓരോ ദിവസവും ഇരു മുന്നണികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടാകും.'- സുരേന്ദ്രന്‍ പറഞ്ഞു.
'പ്രമുഖരായ നേതാക്കളാണ് ബിജെപിയിലേക്ക് വരുന്നത്. എല്ലാം നാളെ 11 മണിയോടെ നിങ്ങള്‍ക്ക് ബോധ്യമാകും. കോണ്‍ഗ്രസില്‍നിന്ന് നാളെത്തന്നെ പ്രധാന നേതാക്കളെത്തും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വികസനവിരുദ്ധ നയങ്ങളിലും മണ്ഡലത്തെ അവഗണിക്കുന്നതിലും സംസ്ഥാനത്ത് പൊതുവെ കോണ്‍ഗ്രസ് എടുക്കുന്ന സമീപനങ്ങളില്‍ പ്രതിഷേധിച്ചും ബഹുമാന്യരായ നേതാക്കള്‍ ബിജെപിയിലെത്തും. ഇടതുമുന്നണിയില്‍നിന്നുള്ള നേതാക്കള്‍ നാളെയില്ല. പക്ഷേ, വരും ദിവസങ്ങളില്‍ ഇടതു നേതാക്കളും ബിജെപി പാളയത്തിലേക്കെത്തും' - സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പത്മജ വേണുഗോപാലിന്റെ പാര്‍ട്ടി പ്രവേശനത്തിനു ശേഷം എല്ലാ ജില്ലകളിലും കോണ്‍ഗ്രസില്‍നിന്നും ഇടതു മുന്നണിയില്‍നിന്നും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച് നേതാക്കളും ജനവും ഞങ്ങളോടൊപ്പം അണിനിരക്കുന്ന സാഹചര്യം ഉണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട കക്ഷിയായി ദേശീയ ജനാധിപത്യ സഖ്യം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.'- സുരേന്ദ്രന്‍ പറഞ്ഞു.
പലയിടത്തും എല്‍ഡിഎഫ് -യുഡിഎഫ് ധാരണയ്ക്കുള്ള ശ്രമം നടക്കുന്നുണ്ട്. എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ അത്തരത്തിലുള്ള എല്‍ഡിഎഫ് - യുഡിഎഫ് പരസ്യ ബാന്ധവത്തിന് ശ്രമം നടക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
