

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്‍കണം. ക്രിമിനല്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം, പ്രേരണ എന്നീ മൂന്ന് പ്രധാന കുറ്റങ്ങള്‍ക്കെല്ലാം പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട്, കുറ്റകൃത്യം ചെയ്തയാളേക്കാള്‍ മോശമായിട്ടാണ് നമ്മുടെ സമൂഹം പെരുമാറുന്നത്' എന്ന് സുപ്രീംകോടതി 2018 ല്‍ ഒരു വിധി ന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ് സ്‌റ്റേറ്റ് vs രാംദേവ് സിംഗ് കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ലൈംഗിക അതിക്രമം മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നതിലുപരി, ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും പവിത്രതയ്ക്കുമുള്ള അവകാശത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഇത്തരം കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു പ്രധാന വകുപ്പുകളിലും ജീവപര്യന്തം നല്‍കണമെന്ന വാദം മുന്നോട്ടു വയ്ക്കുന്നതെന്നും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ കൂട്ടിച്ചേര്‍ത്തു. ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയതില്‍, വിചാരണക്കോടതിയുടെ അന്തിമ വിധി പകര്‍പ്പ് കാത്തിരിക്കുകയാണ്. അതു ലഭിച്ചു കഴിഞ്ഞശേഷം കോടതി വിലയിരുത്തല്‍ മനസ്സിലാക്കിയശേഷം, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും അജകുമാര്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates