

തിരുവനന്തപുരം: പോളിയോ നിര്‍മ്മാര്‍ജ്ജന ലക്ഷ്യത്തോടെയുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന് 10 ജില്ലകളില്‍ നടക്കും. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് പരിപാടി നടക്കുക.
10 ജില്ലകളിലായി അഞ്ച് വയസ്സില്‍ താഴെയുള്ള 12,92,421 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുക. പതിവ് ഇമ്മ്യൂണൈസേഷന്റെ ഭാഗമായി പോളിയോ വാക്‌സിന്‍ എടുത്ത കുഞ്ഞുങ്ങള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
സംസ്ഥാനത്ത് 13,453 ബൂത്തുകള്‍ സജ്ജീകരിക്കും. 26,906 പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരെയാണ് നിയോഗിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ-നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, വായനശാലകള്‍, സ്‌കൂളുകള്‍, സന്നദ്ധ സംഘടനാ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ബൂത്തുകളുണ്ടാകും.
യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് നല്‍കാന്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലായി 373 ട്രാന്‍സിറ്റ് ബൂത്തുകളും, അതിഥി തൊഴിലാളി ക്യാംപുകള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവിടങ്ങളിലേക്ക് 149 മൊബൈല്‍ ബൂത്തുകളും, 7 ഉത്സവ/മേള ബൂത്തുകളും പ്രവര്‍ത്തിക്കും.
ഞായറാഴ്ച ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് നവംബര്‍ 23, 24 തീയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് വളണ്ടിയര്‍മാര്‍. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ മന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും. മേയര്‍ വി.വി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates