

ലോകം ഒരിക്കല്‍ക്കൂടി യുദ്ധത്തിന്റെ കെടുതികളിലൂടെ കടന്നുപോവുമ്പോള്‍ കവിതയിലൂടെ പ്രതികരിച്ച് റഫീഖ് അഹമ്മദ്. മഹാകവി കുമാരനാശാന്റെ അമ്മയും കുഞ്ഞും എന്ന കവിതയുടെ മട്ടില്‍ എഴുതിയ വരികളാണ്, കവി സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.
റഫീഖ് അഹമ്മദിന്റെ വരികള്‍:
അമ്മയും കുഞ്ഞും വീണ്ടും
............
(മഹാകവി കുമാരനാശാൻ്റെ ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ എന്ന കവിതയുടെ മട്ട്)
.............
യുദ്ധമെന്നാലെന്താണമ്മേ, ചൊല്ലു,
യുദ്ധമെന്നാലെന്താണമ്മേ ..?
കുഞ്ഞേ മുതിർന്നവർ ഞങ്ങൾ വെറും
കുട്ടികളാവലേ യുദ്ധം.
കുട്ടികളങ്ങനെയാണോ ഞങ്ങൾ -
ക്കത്രയ്ക്കു മൗഢ്യമതുണ്ടോ ?
എങ്കിലെന്നാലതു കുഞ്ഞേ മർത്യൻ
ജന്തുവായ് തീരുന്നതാവാം.
ജന്തുക്കളിങ്ങനെയാണോ, അവർ -
ക്കിത്രമേൽ വന്യതയുണ്ടോ?
എന്നാൽ ചിലപ്പോൾ പിശാചായ്
മർത്യരങ്ങു മാറുന്നതായീടാം ..
തമ്മിൽ പ്പൊരുതി മരിയ്ക്കാനമ്മേ -
യത്രയ്ക്കവർ മോശമാണോ?
സ്വന്തം കിടാങ്ങളെ കൊല്ലാൻ മാത്രം
അത്രയ്ക്കവർ ക്രൂരരാണോ..
കോട്ടും കിരീടവും റ്റയ്യും കെട്ടി
നോക്കമ്മേയെന്തൊരു ഭംഗി.
ഞാനും വളർന്നു കഴിഞ്ഞാൽ നാളെ
യാകുമീ നേതാക്കൾ പോലെ..
വേണ്ടാത്തതിങ്ങനെ ചൊല്ലി ചുമ്മാ
നാണിപ്പിക്കല്ലെ നീയെന്നെ..
കെട്ടിപ്പണിഞ്ഞവയെല്ലാം ചുട്ടു
കത്തിച്ചു ചാമ്പലാക്കുന്നോർ.
എത്രയുദ്ധങ്ങൾ കഴിഞ്ഞും, ഇന്നും
വ്യർത്ഥത ബോധ്യമാകാത്തോർ.
കൂട്ടക്കൊലകൾക്കു ന്യായം ദേശ-
സ്നേഹമെന്നോരിയിടുന്നോർ.
ജാതി മതാന്ധതയൊപ്പം ചേർത്തു
ഭൂമി നരകമാക്കുന്നോർ.
വേണ്ടയെന്നുണ്ണീ നിനക്കീ ശപ്ത ഭീകര സ്വപ്നാഭിലാഷം.
ചിത്രശലഭമായ് തീരൂ, കൊച്ചു പക്ഷിയായ്, പാറ്റയായ് മാറൂ..
ഇക്കൊച്ചു ഭൂമിതൻ മാറിൽ സ്നേഹ-
മുണ്ണും വെറും പുല്ലായ് മാറൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates