നോക്കുകൂലിയല്ല, നിക്ഷേപവും തൊഴിലുമാണ് വേണ്ടത്; കേരളം മാറേണ്ട സമയം അതിക്രമിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍

എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
Rajeev Chandrasekhar
രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം കൂടണം, നമ്മുടെ യുവാക്കള്‍ക്ക് മികച്ച അവസരം നല്‍കണം. അതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ നില്‍ക്കില്ല. വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ വിഭാഗം ജനങ്ങളുടേയും വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തിലെത്തണം. വോട്ടുശതമാനം ഉയര്‍ത്തുക എന്നതാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കില്‍ യുവാക്കള്‍ക്ക് അവസരമില്ലെന്ന് തിരിച്ചറിയണം. നോക്കുകൂലിയുള്ള കേരളമല്ല, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് നമുക്ക് വേണ്ടത്. പുതിയ സ്ഥാനലബ്ധിയില്‍ അഭിമാനവും സന്തോഷമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കേരളം പിന്നോട്ടു പോകുന്നത്. എന്തുകൊണ്ടാണ് കടം വാങ്ങി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട സ്ഥിതി വന്നു. എന്തുകൊണ്ട് സംസ്ഥാനത്തെ കുട്ടികള്‍ ഇവിടെ അവസരം ലഭിക്കാത്തതുകൊണ്ട് പുറത്തു പോയി ജോലി നോക്കുന്നു. എന്തുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ല എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും മികച്ച ഭാവിയും സൃഷ്ടിക്കണം. ഇതാണ് ബിജെപി കേരളയുടെ ദൗത്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബലിദാനികളുടെ സ്മരണയിലായിരിക്കും തന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ മുന്‍ അധ്യക്ഷന്മാരടക്കം മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട്, പുതിയ ഉത്തരവാദിത്തം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏറ്റെടുക്കുന്നു. എന്‍ഡിഎയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രനേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചശേഷമേ സംസ്ഥാനത്തു നിന്നും മടങ്ങിപ്പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്‍രെയും വികസന കാഴ്ചപ്പാട് മാറ്റിമറിക്കുന്ന തരത്തിലുള്ള ചിന്ത കൊണ്ടു വരണം. അത് എല്ലാ വീടുകളിലും എത്തിച്ച് എല്ലാ ആളുകളേയും ബിജെപിയുടെ വികസന സങ്കല്‍പ്പം അറിയിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം. യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് പോയാല്‍ ഇവിടെ നിക്ഷേപം നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകില്ല. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. രാഷ്ട്രീയ ജീവിതത്തിന്റെ പൂര്‍ണസമയം വികസിത കേരളത്തിനായി സമര്‍പ്പിക്കുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com