

കണ്ണൂര്‍: തനിക്കെതിരെ നടത്തിയ ആക്രമണത്തെപ്പറ്റി മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറവും സിപിഎം നുണപ്രചാരണങ്ങള്‍ തുടരുകയാണെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്‍. ഇനി ചിലതു പറയാനുണ്ടെന്ന തലക്കെട്ടോടെ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ്, 31 വര്‍ഷം മുന്‍പ് നടന്ന ആക്രമണത്തിന്‍റെ വിവരങ്ങള്‍ സദാനന്ദന്‍ വിവരിക്കുന്നത്. 'വേണോ, വേണ്ടയോ എന്ന് പലകുറി ആലോചിച്ചു. പലതു കൊണ്ടും വേണമെന്നുറപ്പിച്ചു. എന്നാല്‍ ഇപ്പോഴെന്തുകൊണ്ട് എന്നു ചോദിച്ചേക്കാം. അസത്യങ്ങളും അര്‍ധ സത്യങ്ങളും പൊലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചവൃത്തി നിര്‍ബാധം തുടരുമ്പോള്‍ നിസ്സംഗത പാലിക്കാനാവുന്നില്ലെന്ന് സി സദാനന്ദന്‍ കുറിപ്പില്‍ പറയുന്നു.
'31 വര്‍ഷം മുമ്പാണ് ഒരു രാത്രി സിപിഎം പ്രവര്‍ത്തകര്‍ എന്റെ ഇരുകാലുകളും മുട്ടിനു കീഴെ അറുത്തു മാറ്റി കൊല്ലാക്കാെല ചെയ്തത്. അന്ന് വയസ്സ് 30. നാട്ടിലുള്ള ഒരു എല്‍പി സ്‌കൂളില്‍ അധ്യാപകനായിരുന്നു ഞാനന്ന്. ഇളയ സഹോദരിയുടെ നിശ്ചയിച്ച വിവാഹക്കാര്യം കൂത്തുപറമ്പിനടുത്ത് ആയിത്തര മമ്പറത്തുള്ള അമ്മാവനുമായി സംസാരിച്ച് തിരിച്ചു വരുമ്പോഴാണ് പെരിഞ്ചേരിയിലുള്ള എന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് 2 കി.മീ. ഇപ്പുറത്തുള്ള ഉരുവച്ചാലില്‍ വെച്ച് ഞാന്‍ ആക്രമിക്കപ്പെടുന്നത്. ബസ്സിറങ്ങി നടക്കാനായി തിരിയുമ്പോഴാണ് അവിടെ റെഡ് സ്റ്റാര്‍ ടെയ്ലേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നിറങ്ങി വന്ന അക്രമികള്‍ എന്നെ വളഞ്ഞത്. ഒന്നു കുതറി മാറി രക്ഷപ്പെടാനുള്ള ശ്രമം പോലും സാധ്യമാകാത്ത തരത്തില്‍ അവരെന്നെ പിടികൂടി. റോഡില്‍ തട്ടി വീഴ്ത്തി. അതിനിടയില്‍ ഒന്നോ രണ്ടോ ഉഗ്ര സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടത് ഞാനോര്‍ക്കുന്നു. നിമിഷം കൊണ്ട് കടകളടഞ്ഞു. ജനങ്ങള്‍ ചിതറിയോടി. പിന്നെ അവരും ഞാനും മാത്രമായി'
'കാലിന് വാളുകൊണ്ടും മഴുകൊണ്ടുമുള്ള ആദ്യ വെട്ടുകള്‍ ഏല്‍ക്കുമ്പോള്‍ മാത്രം വിവരിക്കാനാവാത്ത കൊടിയ വേദന ഞാനറിഞ്ഞു.... പിന്നീട് ആകെ ഒരു മരവിപ്പ്. ശരീരം മുഴുവന്‍ ഇളകുന്നുണ്ടായിരുന്നു. തലയടക്കം മുഖം റോഡില്‍ ബലത്തില്‍ അമര്‍ത്തി പിടിച്ച അവസ്ഥ, കൈകളും.....അല്പം കഴിഞ്ഞ് പരാക്രമികള്‍ ഓടിപ്പോകുന്ന ശബ്ദം ഞാന്‍ കേട്ടു. ശരീരം തളരുന്നുണ്ടായിരുന്നു... മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റാതെ ഞാന്‍ റോഡില്‍തന്നെ വീണു. എന്നാലും ആയാസപ്പെട്ട് എണീറ്റിരുന്നു. അപ്പോഴാണ് കാണുന്നത്, മുട്ടിനു താഴെ ശൂന്യം.... നിലവിളിച്ചുപോയി....ചുറ്റിലും ഭീതിയോടെ നോക്കി. ചോരത്തളമല്ലാതെ മറ്റൊന്നും കണ്ടില്ല'.
'അവസാനമായി സിപിഎം നേതാക്കളോട് ഒരഭ്യര്‍ത്ഥന: കാലം മാറി. ആളുകള്‍ എല്ലാമറിയുന്നുണ്ട്. നിങ്ങള്‍ പഴഞ്ചന്‍ പ്രാകൃത ചിന്തകളുടെ തടവറയിലാണ്. അതില്‍ നിന്ന് നിങ്ങളാദ്യം പുറത്തുകടക്കുക. അണികളെയും അതിനനുവദിക്കുക. നമുക്ക് ആശയങ്ങള്‍ വെച്ച് മത്സരിക്കാം. ആയുധങ്ങള്‍ വേണ്ട. സത്യം പറഞ്ഞ് സംവദിക്കാം. നുണക്കൊട്ടാരങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ഒരു വിരല്‍ സ്പര്‍ശത്തിനെടുക്കുന്ന സമയം മാത്രമേ ആയുസ്സുള്ളൂ' - കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഇനി ചിലത് പറയാനുണ്ട്....
മഹത്വപൂര്‍ണവും സമൂഹത്തോട് ഏറെ ഉത്തരവാദിത്തവുമുള്ള ഒരു ചുമതല ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ടയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്റെ വാക്കുകളില്‍ നേരിയ പിഴവു പോലുമുണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. ആ കരുതലോടെ ചിലത് കുറിക്കുകയാണിവിടെ. വേണോ, വേണ്ടയോ എന്ന് പലകുറി ആലോചിച്ചു. പലതു കൊണ്ടും വേണമെന്നുറപ്പിച്ചു. ഒരിക്കലും പൊതു ഇടത്തില്‍ ഇങ്ങനൊന്ന് പാടില്ലെന്നു തന്നെയായിരുന്നു ചിന്ത. പ്രത്യേകിച്ച്, സമൂഹത്തില്‍ അത് അനഭിലഷണീയമായ പ്രതികരണങ്ങളുണ്ടാക്കുമെന്ന് തോന്നിയതുകൊണ്ട്. ഒരിക്കലും ആരിലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ദുരന്തമായതുകൊണ്ട്. ചോരകൊണ്ടുള്ള കളി നാമാഗ്രഹിക്കുന്ന സമാജ പരിവര്‍ത്തനത്തിന് അനുഗുണമല്ലെന്ന് എന്റെ പ്രസ്ഥാനം പഠിപ്പിച്ചതുകാണ്ട്. എന്നാല്‍ ഇപ്പോഴെന്തുകൊണ്ട് എന്നു ചോദിച്ചേക്കാം. അസത്യങ്ങളും അര്‍ധ സത്യങ്ങളും പൊലിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീചവൃത്തി നിര്‍ബാധം തുടരുമ്പോള്‍ നിസ്സംഗത പാലിക്കാനാവുന്നില്ല.
ഞാന്‍ തന്നെയല്ലേ, ഇപ്പോള്‍ തന്നെയല്ലേ ഇതെല്ലാം പറയണ്ടത്. പറയുകയാണ്; അല്പം നീണ്ടു പോയേക്കാം... ക്ഷമിക്കുക.
31 വര്‍ഷം മുമ്പാണ് ഒരു രാത്രി CPIM പ്രവര്‍ത്തകര്‍ എന്റെ ഇരുകാലുകളും മുട്ടിനു കീഴെ അറുത്തു മാറ്റി കൊല്ലാക്കാെല ചെയ്തത്. അന്ന് വയസ്സ് 30. നാട്ടിലുള്ള ഒരു LP സ്‌കൂളില്‍ അധ്യാപകനായിരുന്നു ഞാനന്ന്. ഇളയ സഹോദരിയുടെ നിശ്ചയിച്ച വിവാഹക്കാര്യം കൂത്തുപറമ്പിനടുത്ത് ആയിത്തര മമ്പറത്തുള്ള അമ്മാവനുമായി സംസാരിച്ച് തിരിച്ചു വരുമ്പോഴാണ് പെരിഞ്ചേരിയിലുള്ള എന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് 2 കി.മീ. ഇപ്പുറത്തുള്ള ഉരുവച്ചാലില്‍ വെച്ച് ഞാന്‍ ആക്രമിക്കപ്പെടുന്നത്. സാമാന്യം ജനത്തിരക്കുള്ള ചെറുപട്ടണമായിരുന്നു അത്. ബസ്സിറങ്ങി നടക്കാനായി തിരിയുമ്പോഴാണ് അവിടെ റെഡ് സ്റ്റാര്‍ ടെയ്ലേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നിറങ്ങി വന്ന അക്രമികള്‍ എന്നെ വളഞ്ഞത്. ഒന്നു കുതറി മാറി രക്ഷപ്പെടാനുള്ള ശ്രമം പോലും സാധ്യമാകാത്ത തരത്തില്‍ അവരെന്നെ പിടികൂടി. റോഡില്‍ തട്ടി വീഴ്ത്തി. അതിനിടയില്‍ ഒന്നോ രണ്ടോ ഉഗ്ര സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടത് ഞാനോര്‍ക്കുന്നു. നിമിഷം കൊണ്ട് കടകളടഞ്ഞു. ജനങ്ങള്‍ ചിതറിയോടി. പിന്നെ അവരും ഞാനും മാത്രമായി. അട്ടഹാസങ്ങള്‍.... അമറലുകള്‍.... കൂട്ടത്തില്‍ ചെറു മര്‍മരങ്ങളും!
എന്താണ് സംഭവിക്കുന്നതെനിക്ക് മനസ്സിലായില്ല. കാലിന് വാളുകൊണ്ടും മഴുകൊണ്ടുമുള്ള ആദ്യ വെട്ടുകള്‍ ഏല്‍ക്കുമ്പോള്‍ മാത്രം വിവരിക്കാനാവാത്ത കൊടിയ വേദന ഞാനറിഞ്ഞു.... പിന്നീട് ആകെ ഒരു മരവിപ്പ്. ശരീരം മുഴുവന്‍ ഇളകുന്നുണ്ടായിരുന്നു. തലയടക്കം മുഖം റോഡില്‍ ബലത്തില്‍
അമര്‍ത്തി പിടിച്ച അവസ്ഥ, കൈകളും.....അല്പം കഴിഞ്ഞ് പരാക്രമികള്‍ ഓടിപ്പോകുന്ന ശബ്ദം ഞാന്‍ കേട്ടു.
ശരീരം തളരുന്നുണ്ടായിരുന്നു... മെല്ലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പറ്റാതെ ഞാന്‍ റോഡില്‍തന്നെ വീണു. എന്നാലും ആയാസപ്പെട്ട് എണീറ്റിരുന്നു. അപ്പോഴാണ് കാണുന്നത്, മുട്ടിനു താഴെ ശൂന്യം.... നിലവിളിച്ചുപോയി....
ചുറ്റിലും ഭീതിയോടെ നോക്കി. ചോരത്തളമല്ലാതെ മറ്റൊന്നും കണ്ടില്ല. പിന്നീടെപ്പോഴോ പോലീസ് വന്നു. അവരോടൊപ്പം എന്റെ കൂട്ടുകാരനും നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലകൃഷ്ണനുമുണ്ടായിരുന്നു. പിന്നീട് ആശുപത്രിക്കാലം ! കോഴിക്കോട് വെള്ളയിലെ മത്സ്യബന്ധനത്തൊഴിലിലേര്‍പ്പെടുന്ന സഹോദരങ്ങളാണ് എനിക്ക് മെഡിക്കല്‍ കോളജില്‍ രക്തം നല്‍കാന്‍ വന്നത്...
മൂന്നു ദശാബ്ദക്കാലം പിന്നിട്ടപ്പോഴാണ് കുറ്റവാളികള്‍ ശിക്ഷ ഏറ്റുവാങ്ങിയത്. ഇത് കേസുകളുടെ ചരിത്രത്തില്‍ ഒരു പക്ഷേ അപൂര്‍വമായിരിക്കും. മറ്റൊന്നു കൂടിയുണ്ട്. രാജ്യസഭാംഗമായി ഞാന്‍ നിയോഗിക്കപ്പെടുന്നതും എന്നെ ക്രൂരമായി ആക്രമിച്ചവരുടെ തടവറ പ്രവേശനവും ഒരേ സമയത്ത് സംഭവിച്ചിരിക്കുന്നു... കാലത്തിന്റെ വല്ലാത്തൊരു കുഴമറിച്ചിലാണിത്. CPIM നേതൃത്വം അനുഭവിക്കുന്ന മന:സംഘര്‍ഷം ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഇപ്പോള്‍ പടച്ചുണ്ടാക്കുന്ന ആഖ്യാനങ്ങള്‍.
'ജയിലില്‍ പോയ കുറ്റവാളികള്‍ മാന്യരും നിഷ്‌ക്കളങ്കരു'മെന്ന് ശൈലജ ടീച്ചര്‍ MLA
'സദാനന്ദന്‍ കണ്ണൂരിലെ കൊലപാതകങ്ങളുടെ ബുദ്ധികേന്ദ്ര'മെന്ന് കൈരളി TV
'സദാനന്ദന്‍ വിശുദ്ധ മാലാഖ'യല്ലെന്ന് മീഡിയവണ്‍ ചാനല്‍
'ക്രിമിനലായ സദാനന്ദന്‍ എം.പി ആയ വകയില്‍ കോടതി കയറേണ്ടിവരു'മെന്ന് ദേശാഭിമാനി
'കല്ലുവെട്ടു തൊഴിലാളിയായ ജനാര്‍ദ്ദനന്‍ എന്ന CPIM പവര്‍ത്തകന്റെ ഇരുകാലുകളും തല്ലിയൊടിച്ച ക്രൂരനാണ് RSS നേതാവായ സദാനന്ദ'നെന്ന് പി.ജയരാജന്‍....!
പെരിഞ്ചേരി എന്ന സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ SFI കളിച്ച് വളര്‍ന്നയാളാണ് ഈ സദാനന്ദന്‍. പ്രീഡിഗ്രി വരെ ഈ അസുഖമുണ്ടായിരുന്നു. അതില്‍ നിന്ന് മുക്തനാകാന്‍ രണ്ടു വര്‍ഷത്തെ ശ്രമം. SFI യില്‍, കമ്മ്യൂണിസ്റ്റ് ചിന്തയില്‍ മടുപ്പു തോന്നാന്‍ കാരണം അവര്‍ വളര്‍ത്തിയുക്കാന്‍ ശ്രമിക്കുന്ന ആക്രമണോത്സുക അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധതയും തന്നെ. സ്വന്തം അനുഭവത്തില്‍ അതു ബോധ്യപ്പെട്ട സംഭവങ്ങളുണ്ട്. ഡിഗ്രി അവസാന വര്‍ഷം, അതായത് 1984 ല്‍ അതവസാനിച്ചത് സംഘശാഖയില്‍. സംഘത്തിലേക്കെത്താന്‍ നിമിത്തമായ പല ഘടകങ്ങളുണ്ട്. അതൊക്കെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പെരിഞ്ചേരിയിലേക്കും ജനാര്‍ദ്ദനനിലേക്കും വരാം.
കുടുംബം വകയുള്ള കുഴിക്കല്‍ LP സ്‌കൂളിലാണ് അധ്യാപനവൃത്തി ആരംഭിച്ചത്. കുട്ടികളെ ഏറെ സ്‌നേഹത്തോടെയാണ് സമീപിക്കാറ്. അക്കൊല്ലം ഞാന്‍ ക്ലാസ് മാഷായ നാലാം ക്ലാസ്സിലെ ക്ലാസ് ലീഡര്‍ സഖാവ് ജനാര്‍ദ്ദനന്‍ എന്ന ജനേട്ടന്റെ മകളായിരുന്നു. നന്നായി പഠിക്കുമായിരുന്ന മിടുക്കിക്കുട്ടി. എന്നും സദുമാഷുടെ വിരലില്‍ത്തൂങ്ങിയാണ് ആ മോള് നടക്കുക. വീട്ടിലെ വിശേഷങ്ങളെക്കെ പറയും. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ജന്‍മാഷ്ടമി ആഘോഷം വരുന്നത്. 93 സെപ്ത 6 ആണെന്നാണോര്‍മ. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഞാനുണ്ടായിരുന്നില്ല. കാരണം തൊട്ടുമുമ്പ് 1993 ആഗസ്ത് 18 ന് അച്ഛന്‍ മരണപ്പെട്ടു. നമ്മുടെ വിശ്വാസമനുസരിച്ച് നാല്പതു നാള്‍ ദീക്ഷയോടെ പ്രാര്‍ത്ഥനയുമായി കഴിയേണ്ട കാലം. ഞാന്‍ വീട്ടിലൊതുങ്ങി.
ശോഭായാത്രയില്‍ മകളെ പങ്കെടുപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജനേട്ടന്റെ ഭാര്യ അവളെയും കൂട്ടി അമ്പലത്തിലെത്തി. ഗോകുലം പ്രവര്‍ത്തകര്‍ ഒന്നു സംശയിച്ചു. ആദ്യം നിരുത്സാഹപ്പെടുത്തി. പക്ഷെ അമ്മ മകളെ കൂടെ കൂട്ടാന്‍ നിര്‍ബന്ധിച്ചു. കൂടെ കൂട്ടി. ശോഭായാത്ര കഴിഞ്ഞ് രാത്രി ഏകദേശം ഏഴരയോടെ കുട്ടിയെ വീട്ടിലെത്തിച്ചു. അപ്പോഴവിടെ ജനേട്ടനുണ്ടായിരുന്നു. കുട്ടിയുമായി ചെന്ന പ്രവര്‍ത്തകനെ 'കാര്യമായിത്തന്നെ' അദ്ദേഹം സ്വീകരിച്ചു. കണക്കിന് ചീത്തവിളിച്ചു. കയ്യാങ്കളിവരെ എത്തി കാര്യം. പ്രവര്‍ത്തകന്‍ തന്ത്രപരമായി അവിടുന്ന് രക്ഷപ്പെടുകയായിരുന്നു! ഇക്കാര്യങ്ങളിലൊന്നും ഞാനില്ല. ഒക്കെ പിന്നീടാണറിഞ്ഞത്. ഇപ്പോള്‍ ജയരാജനും കൂട്ടരും തട്ടിവിടുന്നത് മകളെ ഞാന്‍ നിര്‍ബന്ധിച്ച് ശാഖയില്‍ കൊണ്ടുപോയെന്നും ജനാര്‍ദ്ദനന്‍ അത് പരസ്യമായി ചോദ്യം ചെയ്‌തെന്നും അതില്‍ ക്ഷുഭിതനായി ഞാന്‍ മാടമ്പിത്തരം കാട്ടിയെന്നും ജനാര്‍ദ്ദനന്റെ രണ്ടു കാലും അടിച്ചൊടിച്ചെന്നുമൊക്കെയാണ്. കാല് വെട്ടിക്കളഞ്ഞു എന്നു വരെ പറഞ്ഞു നടക്കുന്ന സഖാക്കളുണ്ട്. ശാഖയെക്കുറിച്ചറിയുന്നവര്‍, മകളെ ശാഖയില്‍ കൊണ്ടുപോയെന്ന വാദം കേട്ടാല്‍ ചിരിക്കില്ലേ....ജനാര്‍ദ്ദനന്‍ എന്നെ ചോദ്യം ചെയ്യുന്നത് പോയിട്ട് മുഖാമുഖം കണ്ടിട്ടു പോലുമില്ല !
അതവിടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്.
സപ്ത 8 ന് ഒരു കേരള ബന്ദ്.
പെരിഞ്ചേരിയിലുള്ള ബാവോട്ടു പാറയില്‍ സംഘപ്രവര്‍ത്തകര്‍ നിര്‍മിച്ച ഒരു ബസ്‌ഷെല്‍ട്ടര്‍ ഉണ്ടായിരുന്നു. ബന്ദ് ദിവസം രാവിലെ കണ്ടെത് ഷെല്‍ട്ടര്‍ തകര്‍ത്ത് അവിടുണ്ടായിരുന്ന സിമന്റ്ബഞ്ച് പൊട്ടിച്ച് കഷണങ്ങളാക്കി റോഡിലിട്ടിരിക്കുന്നതാണ്. സ്ഥലത്ത് അമ്പതോളം സഖാക്കള്‍ മസിലു പെരുപ്പിച്ച് സംഘടിച്ചു നില്‍ക്കുന്നു. ഷെല്‍ട്ടല്‍ തകര്‍ത്തതുകണ്ട സംഘ പ്രവര്‍ത്തകര്‍ അവിടുണ്ടായിരുന്ന സഖാക്കളുമായി വാക്കുതര്‍ക്കമായി. അപ്പോഴും ഞാന്‍ വീട്ടിലായിരുന്നു. ആരോ വന്ന് എന്നെ വിവരമറിയിച്ചു. പ്രശ്‌നം വഷളാകാതിരിക്കാന്‍ ഞാനവിടേക്കു ചെന്നു. സ്വയംസേവകരെ മാറ്റിനിര്‍ത്തി സ്ഥലത്തുണ്ടായിരുന്ന CPM പ്രാദേശികനേതാക്കളുമായി സംസാരിക്കാന്‍ മുതിര്‍ന്നു. പെട്ടെന്ന് അന്തരീക്ഷം മാറി. ഞങ്ങള്‍ അഞ്ചാറുപേര്‍. അവര്‍ അമ്പതിലേറെയും. ഞങ്ങളെ വളഞ്ഞു. മുദ്രാവാക്യം വിളി.... കയ്യേറ്റം...മര്‍ദ്ദനം. എല്ലാം അരങ്ങേറിയത് ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍.... ഞാനുള്‍പ്പടെ നാലുപേര്‍ ചെറിയ പരിക്കുകളുമായി ആശുപത്രായില്‍. പ്രശ്‌നം പുകഞ്ഞു. CPMന്റെ ഭാഗത്തു നിന്ന് കൂടുതല്‍ പ്രകോപനങ്ങളുണ്ടായി. കൊടി നശിപ്പിക്കല്‍, ഭീഷണി, വെല്ലുവിളി.... അത് വീണ്ടും സംഘര്‍ഷത്തിലെത്തി. ജനാര്‍ദ്ദനനും മര്‍ദനമേറ്റു. ഇത്രയും മതിയായിരുന്നു അവര്‍ക്ക്. ജനാര്‍ദ്ദനനെ മര്‍ദ്ദിച്ചെന്ന കേസില്‍ അച്ഛന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വീട്ടിലൊതുങ്ങിക്കഴിഞ്ഞിരുന്ന എന്നെ കളവായി പ്രതി ചേര്‍ത്തു. കേസ് വിചാരണക്കെടുത്ത മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി സമയം മെനക്കെടുത്താതെ വാദം പോലുമനുവദിക്കാതെ കേസ് ചവറ്റുകൊട്ടയിലെറിഞ്ഞു.
എന്നാല്‍ CPIM നേതൃത്വം അടങ്ങിയില്ല. നേരത്തെ ഒരുക്കിക്കൂട്ടിക്കൊണ്ടുവന്ന ആസൂത്രിത ലക്ഷ്യം അവര്‍ പൂര്‍ണമാക്കി. നാലു മാസത്തിനു ശേഷം 1994 ജനുവരി 25 ന് വര്‍ഗ ശത്രുവായ സദാനന്ദനെ ഒരു പരുവത്തിലാക്കി. മുട്ടിലിഴഞ്ഞ് നടക്കട്ടെ എന്നു തീരുമാനിച്ചു. സംഘപ്രവര്‍ത്തകര്‍ രോഷാകുലരായിരുന്നു. സ്ഥിതി പെട്ടെന്നു വഷളായി....
പിന്നീടെല്ലാം എല്ലാവര്‍ക്കുമറിയുന്നത്!
പ്രിയരെ, അവര്‍ അവിടെയും നിര്‍ത്തിയില്ല.... വീണ്ടും എന്നെ ദ്രോഹിച്ചു. പല തരത്തില്‍. എനിക്ക് പ്രിയപ്പെട്ട പ്രമുഖ സംഘ കാര്യകര്‍ത്താക്കളെ വകവരുത്തി. പക്ഷെ തളര്‍ന്നില്ല. മുട്ടിലിഴഞ്ഞില്ല. ആദര്‍ശം നല്‍കുന്ന കരുത്തില്‍ നെഞ്ചുവിരിച്ച് ഞാന്‍ നിവര്‍ന്നുനിന്നു. വെപ്പുകാലുകളെങ്കിലും ഉറച്ച പദം വെച്ച് മുന്നോട്ടു നീങ്ങി. എന്റെ പ്രസ്ഥാനത്തിന്റെ പിന്‍ബലത്തില്‍. എന്റെ പ്രിയ സോദരങ്ങളുടെ കരുതലില്‍. സഹധര്‍മചാരിണിയായി നിഴല്‍ പോലെ കൂടെയുള്ള ജീവിത പങ്കാളിയുടെ പിന്തുണയില്‍. എല്ലാം അറിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത പോലെ അച്ഛനു സന്തോഷം മാത്രം തന്നുകാെങ്ങിരിക്കുന്ന പൊന്നു മോളുടെ താങ്ങില്‍.....എനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് എന്റെ പ്രസ്ഥാനം നിശ്ചയിച്ചുകാണും. പുതിയ ദൗത്യ മേല്‍പ്പിച്ചു. നമ്ര ശിരസ്സോടെ ഏറ്റെടുത്തു. എന്റെ നേതാക്കള്‍ക്ക്, എന്റെ പ്രധാനമന്ത്രിക്ക് ഞാന്‍ വാക്കു കൊടുത്തുകഴിഞ്ഞു. അതു പാലിക്കണം. തന മന ധന പൂര്‍വകമായി....
എന്റെ മാര്‍ഗത്തില്‍ മാര്‍ഗദീപമായി ജ്വലിക്കുന്ന ബലിദാനികള്‍....
തണലൊരുക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍. രാജ്യം മുഴുവന്‍ എന്റെ കൂടെയുണ്ടെന്നറിയുമ്പോള്‍ ആത്മവിശ്വാസം വാനോളം.
അവസാനമായി CPIM നേതാക്കളോട് ഒരഭ്യര്‍ത്ഥന:
കാലം മാറി. ആളുകള്‍ എല്ലാമറിയുന്നുണ്ട്. നിങ്ങള്‍ പഴഞ്ചന്‍ പ്രാകൃത ചിന്തകളുടെ തടവറയിലാണ്. അതില്‍ നിന്ന് നിങ്ങളാദ്യം പുറത്തുകടക്കുക. അണികളെയും അതിനനുവദിക്കുക. നമുക്ക് ആശയങ്ങള്‍ വെച്ച് മത്സരിക്കാം. ആയുധങ്ങള്‍ വേണ്ട. സത്യം പറഞ്ഞ് സംവദിക്കാം. നുണക്കൊട്ടാരങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ഒരു വിരല്‍ സ്പര്‍ശത്തിനെടുക്കുന്ന സമയം മാത്രമേ ആയുസ്സുള്ളൂ....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates