

കൊച്ചി: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും, ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒപ്പം പിണറായി വിജയന്‍ മത്സരിക്കുകയാണ്. ഇതില്‍ ഒന്നാം സ്ഥാനത്തെത്തണമെന്ന വാശിയിലാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണെന്ന് പണ്ട് താന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്പരം പരിപോഷിപ്പിക്കുന്ന ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണ്. ബിജെപിക്ക് പറയാന്‍ കഴിയാത്തത് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് ബിജെപി പറയുന്നു. 2016 മുതല്‍ ബിജെപിക്ക് കേരളത്തില്‍ കളം പിടിക്കാന്‍ അവസരം കൊടുത്തത് പിണറായി വിജയനാണെന്ന് ചെന്നിത്തല ആരോപിച്ചു. തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെയാണ്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ജയിക്കാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിലെ അഴിമതിയും കൊള്ളയും. രണ്ടാമതായി ബിജെപിക്ക് ജയിക്കാനുള്ള എല്ലാ സാഹചര്യവും സിപിഎം ഒരുക്കി കൊടുത്തു. ഇനി നിയമസഭയില്‍ ബിജെപിക്ക് കുറച്ച് എംഎല്‍എമാരെ കൂടി കൊടുത്തശേഷമേ വിശ്രമിക്കൂ എന്ന നിലപാടിലാണ് പിണറായി വിജയന്‍. നരേന്ദ്രമോദി എന്താഗ്രഹിക്കുന്നുവോ അതു നടപ്പാക്കുകയാണ് പിണറായി വിജയന്റെ ദൗത്യം എന്ന നിലയിലാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എ കെ ബാലന്റെ വിവാദ പ്രസ്താവനയോട് സിപിഎം സംസ്ഥാന സെക്ട്രടറി എം വി ഗോവിന്ദന് വിയോജിപ്പാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് യോജിപ്പാണ്. ആരു പറഞ്ഞതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്?. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി വ്യക്തമാക്കണം. രണ്ടു വോട്ടിനുവേണ്ടി മതേതര നിലപാടില്‍ യുഡിഎഫ് വെള്ളം ചേര്‍ക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പിലും മാറ്റത്തിനു വേണ്ടിയാണ് ജനം വോട്ടു ചെയ്തത്. ഇതുകണ്ടു ഭയന്നാണ് സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. ഇതു കേരളത്തില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സിറോ മലബാര്‍ സഭ ആസ്ഥാനത്തു പോയി ചര്‍ച്ച ചെയ്തത് ഒരു തെറ്റുമില്ല. പോകുന്നതിനു മുമ്പ് സതീശന്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരു അസ്വാഭാവികതയുമില്ല. പ്രതിപക്ഷ നേതാവ് ചെയ്തത് നല്ല കാര്യമാണ്. ജോസ് കെ മാണിയുടെ പാര്‍ട്ടി യുഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. വെള്ളാപ്പള്ളി എന്നല്ല, വര്‍ഗീയ പരാമര്‍ശം ആരു നടത്തിയാലും അതിനോടു യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates