

തിരുവനന്തപുരം:സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടമായ 'ഓപ്പറേഷൻ തൂഫാന്' ലഭിച്ച മികച്ച ജനപങ്കാളിത്തത്തിന് പിന്നാലെ അഴിമതി തുടച്ചുനീക്കാൻ പ്രഖ്യാപിച്ച പുതിയ പദ്ധതിയായ പ്രൊജക്ട് സീറോ-വിജിലൻസ് വിസിലിന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചെലുത്തിയ സ്വാധീനം തുറന്നു പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'പ്രൊജക്ട് സീറോ-വിജിലൻസ് വിസിൽ' എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ ഭയമില്ലാതെ അധികൃതരെ അറിയിക്കാം. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ പേരിന്റെ ആശയം രൂപപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. വിജയിന്റെ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നവും അഴിമതിക്കെതിരായ 'വിസിൽബ്ലോവർ' കാമ്പയിനുമാണ് ഇതിന് പ്രചോദനമായത്.
പദ്ധതിയുടെ ഭാഗമായി 1064 എന്ന ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. പൊതുജനങ്ങൾക്ക് ഒറ്റ ഫോൺ കോളിലൂടെ അഴിമതി വിവരങ്ങൾ കൈമാറാമെന്നും വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. യുവനടൻ നിവിൻ പോളിയാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ.
സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ശക്തമായി മുന്നോട്ടുപോകുന്നതിനിടെ വടകരയിൽ അധ്യാപകർ മയക്കുമരുന്ന് മാഫിയയുടെ കണ്ണികളായി അറസ്റ്റിലായ സംഭവം ഏറെ ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപകരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ തന്നെ മയക്കുമരുന്ന് വിതരണക്കാരാകുന്നതും ലഹരിപ്പണം ഇവരുടെ അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. പിടിയിലായ അധ്യാപകർ പഠിപ്പിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കോ മറ്റ് അധ്യാപകർക്കോ മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന് സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates