

ഗുരുവായൂര്‍: ആറ് മണ്ഡപങ്ങള്‍. വിവാഹ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കൂടുതല്‍ കോയ്മമാര്‍. സുരക്ഷിതമായി ക്ഷേത്ര ദര്‍ശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താന്‍ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പൊലീസും. ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ നാലുമണി മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ സജ്ജീകരണങ്ങളായി.
അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഇന്നും യോഗം ചേര്‍ന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദര്‍ശനം നടത്തി. വിവാഹസംഘങ്ങള്‍ക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കണ്‍ വാങ്ങി കസേരയില്‍ വിശ്രമിക്കാം. ആദ്യമാദ്യം എത്തുന്നവര്‍ക്ക് ടോക്കണ്‍ നമ്പര്‍ നല്‍കും തുടര്‍ന്ന് ഊഴമെത്തുമ്പോള്‍ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാന്‍ കഴിയുന്ന നിലയില്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിന്റുകളിലും രാവിലെ മൂന്നര മണിയോടെ പൊലീസിനെ വിന്യസിക്കും. ഇന്നര്‍റിങ്ങ് ,ഔട്ടര്‍ റിങ്ങ് റോഡുകളില്‍ ഉള്‍പ്പെടെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
വാഹന പാര്‍ക്കിങ്ങ്
പാര്‍ക്കിങ്ങിനായി ദേവസ്വം ബഹുനില പാര്‍ക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാര്‍ക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം .
ദീപസ്തംഭം വഴിയുള്ള ദര്‍ശനം
കിഴക്കേ നടയിലെത്തുന്ന ഭക്തര്‍ക്ക് ദീപസ്തംഭത്തിന് മുന്നില്‍ നിന്നുള്ള ദര്‍ശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങള്‍ ദര്‍ശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണം.
സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസ്
ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാര്‍ ഭക്തര്‍ക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates