

തിരുവനന്തപുരം: ആദയിനികുതി വകുപ്പ് പിടിച്ചെടുത്ത ബെവ്‌കോയുടെ 1,148 കോടി രൂപ തിരിച്ചുകിട്ടിയതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പരിശീലനം പൂര്‍ത്തിയാക്കിയ കോര്‍പ്പറേഷന്‍ സിഎംഡി യോഗേഷ് ഗുപ്ത ഐപിഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുകിട്ടാന്‍ കാരണമായതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോര്‍പറേഷനില്‍ നിന്ന് 2019ല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. കെഎസ്ബിസിയുടെ ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകള്‍ അണ്‍ഫ്രീസ് ചെയ്ത് ബിസിനസ് നടപടികള്‍ സുഗമമാക്കാന്‍ മറ്റൊരു 347 കോടി രൂപ കൂടി കെഎസ്ബിസി നല്‍കി. 2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്കുകൂട്ടല്‍ പ്രകാരമാണ് ഈ നടപടിയെടുത്തത്. ഇത് കെഎസ്ബിസിയുടെ പ്രവര്‍ത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളില്‍ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടിവന്നു. നിയമാനുസൃതമായി അടയ്ക്കേണ്ട നികുതികള്‍ അടയ്ക്കുന്നതിലും ഇതുമൂലം കാലതാമസമുണ്ടായി.
ടേണ്‍ ഓവര്‍ ടാക്‌സ്, സര്‍ചാര്‍ജ് എന്നിവ ചെലവായി കണക്കാക്കാന്‍ കഴിയില്ലെന്നും അവയെ വരുമാനമായിത്തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടില്‍ നിന്നാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഇത്തരത്തില്‍ ഒരു കടുത്ത നടപടി സ്വീകരിച്ചത്. 2014-15, 2015-16 വര്‍ഷങ്ങളിലേക്കുള്ള ഇന്‍കം ടാക്‌സ് ഉത്തരവിനെതിരെ കെഎസ്ബിസിഇക്ക് സുപ്രീം കോടതി വരെയെത്തി നിയമ പോരാട്ടം നടത്തേണ്ടിവന്നു. വാദമുഖങ്ങള്‍ പരിഗണിച്ചും സ്വീകരിച്ച നടപടികളും സ്ഥാപനത്തിന്റെ പൊതുമേഖലാ സ്വഭാവവും കണക്കിലെടുത്തും രണ്ട് വര്‍ഷങ്ങളില്‍ സര്‍ചാര്‍ജ്, ടേണ്‍ ഓവര്‍ ടാക്‌സ് എന്നിവ അംഗീകരിക്കണമെന്ന കെഎസ്ബിസിയുടെ ആവശ്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇതോടൊപ്പം ഇന്‍കം ടാക്‌സ് പിടിച്ചുവെച്ച തുക വിട്ടുനല്‍കാനും കെഎസ്ബിസി ശ്രമങ്ങള്‍ തുടര്‍ന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും കെഎസ്ബിസിയും ഈ രംഗത്ത് പൊതുജനങ്ങള്‍ക്കായി നടത്തുന്ന സുതാര്യ ഇടപാടുകള്‍ അവരെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പിടിച്ചുവെച്ച തുക പലിശസഹിതം വിട്ടുനല്‍കാന്‍ ഇന്‍കം ടാക്‌സ് കമീഷണര്‍ ഉത്തരവിട്ടു. 748 കോടി രൂപ വിട്ടുനല്‍കാനാണ് ഉത്തരവായിരിക്കുന്നത്. ഇതില്‍ 344 കോടി രൂപ ഇതിനകം ലഭിച്ചു. 404 കോടി രൂപ കെഎസ്ബിസിയുടെ അക്കൗണ്ടില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. പലിശയടക്കം മറ്റൊരു 400 കോടി രൂപ നല്‍കാനുള്ള നടപടികളും തുടരുകയാണ്. ഒന്‍പത് വര്‍ഷമായി സ്ഥാപനത്തിന് വളരെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയ ഒരു പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്.- മന്ത്രി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
