'മുഖ്യമന്ത്രിയുടെ മകള്‍ ജയിലില്‍ പോകേണ്ടിവരും, പിണറായി വിജയനും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും'; ശോഭാ സുരേന്ദ്രന്‍

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍
ശോഭാ സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക്
ശോഭാ സുരേന്ദ്രന്‍/ഫെയ്‌സ്ബുക്ക്
Updated on
1 min read

കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് കോഴിക്കോട് കലക്ടറേറ്റിനുമുന്നില്‍ ബിജെപി നടത്തിയ മഹിളാധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.

'അമ്മത്തൊട്ടില്‍' സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ 'അച്ഛന്‍തൊട്ടില്‍' സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകള്‍ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകള്‍ വീണയോട് 'മകളേ, നിന്നെ ഞാന്‍ സ്വര്‍ണത്തേരിലേറ്റാം' എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പെണ്‍കുട്ടികള്‍ തെരുവില്‍ പൊലീസിന്റെ തല്ലുവാങ്ങുമ്പോള്‍ വീണയെ രാജകുമാരിയായി വളര്‍ത്തി. ആരും മകളെ തൊട്ടുകളിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നല്‍കുമ്പോള്‍ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകന്‍ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാല്‍ കഴിവും പ്രാപ്തിയുമുള്ള മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയില്‍ താന്‍ തീരുമാനിക്കുന്നവര്‍ മതിയെന്നാണ്.'-ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

'കാര്യങ്ങള്‍ വിശദീകരിക്കാന്‍ എംവി ഗോവിന്ദന്‍ പത്രസമ്മേളനം വിളിച്ചാലും താന്‍ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എംവിഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ കഴിവുള്ള അനേകം പേര്‍ ഇരുന്നതാണ്. അതില്‍നിന്ന് എംവി ഗോവിന്ദന്‍ രാജിവയ്ക്കുന്നതാണു നല്ലത്. ഉള്ളില്‍ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാന്‍ ആര്‍ജവമില്ലാത്ത ഗോവിന്ദനാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശാപം.'

'ധനാഢ്യന്‍മാര്‍ക്ക് ഏക്കറു കണക്കിനു ഭൂമി അനധികൃതമായി കയ്യില്‍ വയ്ക്കാന്‍ അനുമതി കൊടുത്തതില്‍ പിണറായി മറുപടി പറയണം. ഏതോ പ്രമാണിക്ക് സ്വകാര്യ വിമാനത്താവളമുണ്ടാക്കാന്‍ രഹസ്യ ചര്‍ച്ച നടത്തി. ഇവരുടെ ചര്‍ച്ച വിദേശത്തു വച്ചാണ്. മുഖ്യമന്ത്രി ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോവുന്നത് മാരക അസുഖത്തിനു ചികിത്സിക്കാനാണെന്നാണ് എല്ലാവരും കരുതിയത്. മുഖ്യമന്ത്രി ആരോഗ്യത്തോടെ ഇരിക്കാന്‍ പാവപ്പെട്ടവര്‍ മുണ്ടുമുറുക്കിയുടുത്ത് ഖജനാവിലേക്ക് പണം തരും. പക്ഷേ മകന്റെയും മകളുടെയും മരുമകന്റെയും പാണക്കാട്ട് പ്രദേശത്തുള്ള മറ്റൊരു പാര്‍ട്ടിക്കാരന്റെ മകന്റെയുമൊക്കെ ബിസിനസ്സിനെക്കുറിച്ച് പഠിക്കാനാണ് ഇടയ്ക്കിടെയുള്ള വിദേശ യാത്രയെന്നാണ് അറിയുന്നത്.'

'കഴിഞ്ഞ അഞ്ചു മാസമായി പിണറായി വിജയന് ഒരു പത്രസമ്മേളനവുമില്ല. കോവിഡ് കാലത്ത് കെകെ ശൈലജ മിണ്ടരുതെന്ന് തീരുമാനമെടുത്ത്, എല്ലാ ദിവസവും അരമണിക്കൂര്‍ നേരം ഉള്ളതുമില്ലാത്തതുമൊക്കെ വിളമ്പിയിരുന്ന മുഖ്യമന്ത്രിയുടെ നാവിറങ്ങിപ്പോയോ? പിണറായിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ കഴിയാതെ കാനം അടക്കമുള്ള സിപിഐയുടെ നേതാക്കള്‍ ഇരിക്കുകയാണ്. പിണറായി നെറ്റിചുളിച്ചാല്‍ കാനം ഭയപ്പെടുന്നതെന്തിനാണ്?'-ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com