

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം നാളെ കോടതി പുറപ്പെടുവിച്ചേക്കും. മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ അടക്കമുള്ള പൊലീസുകാരാണ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപേക്ഷയില്‍ കോടതി വിധി പുറപ്പെടുവിക്കുന്നതു വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ക്രൈം ഉണ്ടല്ലോയെന്നും, അത്തരം കേസുകളില്‍ ജില്ലാ കോടതിക്ക് അറസ്റ്റ് തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ അടക്കം അഞ്ചു പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിക്ക് മുമ്പാകെ വന്നത്. മുഴുവന്‍ പ്രതികളുടേയും ജാമ്യാപേക്ഷ നാളെ കോടതി ഒന്നിച്ചു പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. വാദി ഭാഗത്തിന് ഡീറ്റെയില്‍ഡ് ഒബ്‌ജെക്ഷന്‍സ് ഫയല്‍ ചെയ്യാനുള്ള സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയിട്ടുള്ളത്.
കേസിലെ ഒന്നും രണ്ടും പ്രതികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും, എന്നാല്‍ അപ്പോഴാണ് എസ്‌ഐടി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികള്‍ ഒളിവിലല്ല. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നും പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്രൈം നടന്നിട്ടുണ്ടല്ലോയെന്നും, അത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് തടയാന്‍ ജില്ലാ കോടതിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി ആവശ്യം നിരസിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates