

തൊടുപുഴ: ചിന്നക്കനാലിൽ വ്യാജ പട്ടയം ഉപയോഗിച്ചു കൈയേറിയ ഭൂമി സർക്കാർ തിരികെ പിടിച്ചതിൽ ഇടുക്കിയിലെ പ്രാദേശിക സിപിഎം നേതാവിനെതിരെ റവന്യു വകുപ്പിന്റെ റിപ്പോർട്ട്. സിപിഎം ശാന്തൻപാറ ഏരിയാ കമ്മിറ്റിയംഗവും ബാങ്ക് പ്രസിഡന്റുമായ വിഎക്സ് ആൽബിനും ഭൂമി കൈയേറിയവരിലുണ്ട്. ആൽബിൻ രണ്ടര ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. എച്ച്എൻഎല്ലിന് പാട്ടത്തിന് നൽകിയ ഭൂമിയിലെ യൂക്കാലി മരങ്ങൾ വെട്ടി മാറ്റിയെന്നും ആൽബിനെതിരായ റവന്യു വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റവന്യു വകുപ്പ് ഒഴിപ്പിച്ച ഭൂമി താൻ വില കൊടുത്തു വാങ്ങി കരമടച്ചു കൊണ്ടിരുന്നതാണെന്നും തന്നെയും പാർട്ടിയെയും തേജോവധം ചെയ്യാൻ ചില ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും വിഎക്സ് ആൽബിൻ പറഞ്ഞു. ഈ വസ്തുവിനെ സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്താൻ റവന്യു വകുപ്പിന് പരാതി നൽകുമെന്നും ആൽബിൻ വ്യക്തമാക്കി.
മൂന്നാർ ദൗത്യ സമയത്താണ് കൈയേറ്റം കണ്ടെത്തിയത്. കൈവശം വച്ചവർ ഹൈക്കോടതിയെ സമീപിച്ചതോടെ കൈയേറ്റത്തിൽ നടപടി സ്വീകരിക്കുന്നത് ഒന്നര പതിറ്റാണ്ടോളം വൈകി. ആൽബിനടക്കം 12 പേർ കൈവശം വച്ചിരുന്ന 12 ഏക്കറോളം ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്തത്.
ചിന്നക്കനാലിൽ പിടിച്ചെടുത്ത 2 ഏക്കർ 80 സെന്റ് ഭൂമിക്ക് അന്തോണിയമ്മ എന്നയാളുടെ പേരിലും, 3 ഏക്കർ 25 സെന്റിന് മാർക്കോസ് ഇസാക്ക് എന്നയാളുടെ പേരിലും പട്ടയം ഉണ്ടെന്നായിരുന്നു ആൽബിൻ ഉൾപ്പെടെയുള്ളവരുടെ അവകാശവാദം. ഈ ഭൂമി എച്ച്എൻഎൽ കൈയേറിയതാണെന്നു ആരോപിച്ച് ഇവർ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർ നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകിയതിനെ തുടർന്ന് ഇവർക്ക് ഭൂമി പതിച്ചു നൽകിയതാണെന്നു ജില്ലാ കലക്ടർ 2007 ഏപ്രിൽ 4ന് ഉത്തരവിറക്കി.
പിന്നീട് പട്ടയ രേഖകളിൽ സംശയം നോന്നിയതിനെ തുടർന്ന് മൂന്നാർ ഡിഎഫ്ഒ ജില്ലാ കലക്ടർക്ക് വീണ്ടും പരാതി നൽകി. പിന്നീട് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിൽ എൽഎ 166-72, 234-68 എന്നീ പട്ടയങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. ഈ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സർവേ നമ്പറിൽ ഉൾപ്പെട്ട ഭൂമിയല്ല കൈവശക്കാർ അവകാശമുന്നയിക്കുന്നതെന്നും ഉടുമ്പൻചോല തഹസിൽദാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ 2007 ഏപ്രിൽ 4ലെ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി ഭൂമിയേറ്റെടുക്കാനുള്ള നടപടിയാരംഭിക്കുകയായിരുന്നു.
Government Reclaims 12 Acres of Illegally Occupied Land in Chinnakkanal. Revenue Department report against CPM local leader.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates