ലഹരി വ്യാപനം: സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം; സാമൂഹ്യ ജാഗ്രത കൂടി വേണമെന്ന് മന്ത്രി, രാഷ്ട്രീയ തര്‍ക്കം

ലഹരിമുക്ത കലാലയങ്ങള്‍ക്കായി അണിചേരുക എന്ന മുദ്രാവാക്യം ഉയര്‍ത്തി തിങ്കളാഴ്ച ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി ശൃംഖലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കാൻ എസ് എഫ് ഐ
ലഹരി വ്യാപനം: സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം; സാമൂഹ്യ ജാഗ്രത കൂടി വേണമെന്ന് മന്ത്രി, രാഷ്ട്രീയ തര്‍ക്കം
സോഷ്യല്‍ മീഡിയ
Updated on
2 min read

കൊച്ചി: കേരളത്തില്‍ കുട്ടികള്‍ക്കിടയില്‍ പോലും അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ ലഹരിയുടെ സ്വാധീനമാണെന്ന വിഷയത്തില്‍ രാഷ്ട്രീയ തര്‍ക്കം രൂക്ഷമാകുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ ആരോപണങ്ങള്‍ നിരത്തി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വിശദീകരിച്ചും പ്രതിരോധം ഉയര്‍ത്തിയും സംസ്ഥാന എക്‌സൈസ് മന്ത്രി എം ബി രാജേഷ് തന്നെ മുന്നിട്ടിറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് ശനിയാഴ്ച കണ്ടത്.

കോഴിക്കോട് താമരശ്ശേരിയില്‍ കഴിഞ്ഞ ദിവസം കൂട്ടത്തല്ലില്‍ പരിക്കേറ്റ പത്താം ക്ലാസുകാരന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് ചര്‍ച്ചകള്‍ സജീവമാക്കിയത്. ഈ വിഷയം ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സര്‍ക്കിനെതിരെ പോര്‍മുഖം തുറന്നത്. കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട അദ്ദേഹം കടുത്ത ആക്ഷേപങ്ങളാണ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്.

കേരളത്തില്‍ പതിനാലും പതിനഞ്ചും വയസുള്ള കുട്ടികൾ പരസ്യമായി ഏറ്റുമുട്ടുന്നത് പതിവ് കാഴ്ചയായി മാറി. പല ബസ് സ്റ്റാന്‍ഡുകളിലും രണ്ടു ഗ്യാങുകളായി തിരിഞ്ഞ് സംഘര്‍ഷങ്ങള്‍ നടക്കുന്നു. ഇന്നലെ ഒരു കുട്ടി കൊലചെയ്യപ്പെട്ടു. ക്യാംപസുകളില്‍ വ്യാപകമായി റാഗിങ് നടക്കുന്നു. ഇതിനെല്ലാം കാരണം ലഹരിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം.

ലഹരി വ്യാപനം സംസ്ഥാനത്ത് എത്രത്തോളം വ്യാപകമായെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിപ്പിക്കുന്നു. എസ്എസ്എല്‍സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. അക്രമത്തിന്റെ സ്വഭാവം തന്നെ മാറി, പ്രതിപക്ഷം കഴിഞ്ഞയാഴ്ചയും ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ലഹരി വസ്തുക്കള്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പൊലീസും എക്സൈസും പിടികൂടുന്നത്. എന്നാല്‍ ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ല. ഒറ്റു കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. ബോധവത്ക്കരണം നടത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല.

ലഹരി വ്യാപനം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. 25 പേരെ പിടിച്ചാല്‍ പോലും ലഹരി എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം സര്‍ക്കാരിനില്ല. ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ട്. ആലപ്പുഴയിലും കൊല്ലത്തുമൊക്കെ ലഹരി മാഫിയകളെ പ്രദേശികമായി സഹായിക്കുന്നു എന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.

എത്രയോ കേസുകളില്‍ എസ്എഫ്ഐ ഉള്‍പ്പെട്ടിട്ടുണ്ട്. സിദ്ധര്‍ത്ഥന്റെ മരണവും മെഡിക്കള്‍ കോളജിലെ സംഭവവും ഉള്‍പ്പെടെ ഒരു നിരവധി സംഭവങ്ങളുണ്ട്. പലതും രക്ഷിതാക്കളും കോളജ് അധികൃതരും പുറത്ത് പറയുന്നില്ല. എസ്എഫ്ഐക്ക് അപ്രമാധിത്യമുള്ള കാമ്പസുകളില്‍ അവര്‍ ലഹരിയുടെ ഏജന്റുമാരായി മാറുകയാണ്. കഞ്ചാവിന്റെ ഉപഭോഗം കുറഞ്ഞെന്നാണ് മന്ത്രി പറയുന്നത്. അത് ശരിയാണ് കഞ്ചാവല്ല, രാസലഹരിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാനം ലഹരിമാഫിയയുടെ പിടിയിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു. താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം ഗൗരവതരമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള ലഹരി വിപണനം നടക്കുന്നുണ്ട്. പുറത്തു നിന്നുള്ള ശക്തികള്‍ കുട്ടികളെ ക്യാരിയേഴ്‌സാക്കി മാറ്റുകയാണ്. രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ ലഹരിവിതരണത്തില്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫണ്ടര്‍മാരെ കണ്ടെത്തുകയും അവരുടെ വിദേശബന്ധത്തെ കുറിച്ച് അന്വേഷിക്കുകയും വേണം. ലഹരി ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ നിത്യസംഭവങ്ങളാവുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടും അലംഭാവവുമാണ് സംസ്ഥാനത്ത് ലഹരിമാഫിയ പിടിമുറുക്കാന്‍ കാരണമായത്. ലഹരി മാഫിയയെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ പ്രതിരോധിച്ച് എക്‌സൈസ് മന്ത്രി എം ബി രാജേഷും, എസ് എഫ് ഐയും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോടെ പ്രതികരിക്കണം എന്ന് എസ് എഫ് ഐ പ്രതികരിച്ചു. ക്യാംപസുകളില്‍ നിന്ന് ലഹരിമാഫിയയെ പ്രതിരോധിക്കാന്‍ എസ്എഫ്‌ഐ എല്ലാകാലവും ഉണ്ടായിരുന്നു. പുതുതലമുറയില്‍ വ്യാപകമാകുന്ന അക്രമ - അരാഷ്ട്രീയ പ്രവണതകള്‍ക്കെതിരായി ഭരണകൂട സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ശക്തമായ നിയമ നടപടികളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ നേര്‍ദിശയിലേക്ക് നയിക്കാനുതകുന്ന പദ്ധതികളുമായി എസ് എഫ് ഐ മുന്നോട്ട് പോകും. ലഹരിമുക്ത കലാലയങ്ങള്‍ക്കായി അണിചേരുക എന്ന മുദ്രാവാക്യം ഉയര്‍ത്തി തിങ്കളാഴ്ച ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി ശൃംഖലയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും എന്നും സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഇപ്പോഴത്തെ സംഭവങ്ങളും ലഹരിയുടെ അതിപ്രസരവും തടയാന്‍ സാമൂഹിക ജാഗ്രത അത്യാവശ്യമാണെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. എക്‌സൈസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുസമൂഹവും ലഹരിക്ക് എതിരെ ജാഗ്രത പുലര്‍ത്തണം. കുട്ടികളില്‍ നിന്ന് ലഹരി പിടികൂടുന്ന സാഹചര്യം ഉണ്ടായാല്‍ രക്ഷിതാക്കള്‍ സംരക്ഷിക്കുന്ന രീതി വ്യാപകമാണ്. യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കരുത്.

സമൂഹത്തില്‍ ആക്രമം വര്‍ധിക്കുന്നതില്‍ സിനിമകള്‍ക്കും വലിയ പങ്കുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വയലന്‍സ് മാത്രമായി സിനിമകള്‍ ഇറങ്ങുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com