Ropeway Project: കാടിന് മുകളിലൂടെ പറന്ന് കയറാം; വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് റോപ്‌വേ പദ്ധതി; ചെലവ് 100 കോടി

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്
Ropeway project connecting Wayanad and Kozhikode; cost 100 crores
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി യാഥാര്‍ഥ്യമാകും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍(പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ടാണ് റോപ്‌വേ പദ്ധതി നടപ്പാക്കുക.

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ചുരത്തില്‍ ഏകദേശം 2 ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്. കാഴ്ചകള്‍ കണ്ട് ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ 15 മിനിറ്റ് മതി. 3 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. ഇപ്പോള്‍ അടിവാരം മുതല്‍ ലക്കിടിവരെ ചുരത്തിലൂടെ കുറഞ്ഞത് 40 മിനിറ്റ് യാത്ര വേണ്ടിവരും. ഒരേസമയം 6 പേര്‍ക്കു യാത്ര ചെയ്യാനാകുന്ന എസി കേബിള്‍ കാറുകളാണ് റോപ്‌വേയില്‍ ഉണ്ടാകുക. മണിക്കൂറില്‍ 400 പേര്‍ക്കു യാത്ര ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകള്‍ സ്ഥാപിക്കേണ്ടിവരും. ബത്തേരിയില്‍നിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം പദ്ധതി നേടിക്കഴിഞ്ഞു.

2023 ഒക്‌ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തില്‍ വെസ്‌റ്റേണ്‍ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് റോപ്‌വേ പദ്ധതി നിര്‍ദേശം മുന്നോട്ടുവച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എംഡിക്കു നിര്‍ദേശം നല്‍കിയിരുന്നു. 2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്‌ഐഡിസിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com