തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ ആർടിപിസിആർ ടെസ്റ്റുകളുടെ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതിനെ തുടർന്ന് ചില ലാബുകൾ ടെസ്റ്റ് നടത്താൻ വിസമ്മതിക്കുന്നതായി ശ്രദ്ധയിപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ പഠനത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത് എന്ന് മനസിലാക്കണം.
വിപണി വിലയെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങൾക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താൻ ആവശ്യമായ മനുഷ്യ വിഭവം കൂടി കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഇത്തരത്തിൽ തന്നെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ അത് ചർച്ച ചെയ്യാവുന്നതാണ്. ആർടിപിസിആർ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഇത്തരമൊരു ഘട്ടത്തിൽ ഒരു കാരണവശാലും എടുക്കാൻ പാടില്ല. ലാബുകളുടെ ഇഷ്ടത്തിന് ടെസ്റ്റ് നടത്താൻ വിട്ടുകൊടുക്കാൻ സാധിക്കില്ല. രോഗ വ്യാപനം കൂടുന്ന ഘട്ടത്തിൽ അത്തരമൊരു നിലപാട് ആരും സ്വീകരിക്കാൻ പാടില്ല എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി സഹകരിക്കുന്നുണ്ട്. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് സഹരിക്കാതെ ഉള്ളത്. അവരും സഹകരിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. സർക്കാർ അതാണ് ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതിൽ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സർക്കാരിന് അംഗീകരിക്കാൻ സാധിക്കില്ല.
ആർടിപിസിആർ ടെസ്റ്റിന് പകരം ചെലവ് കൂടുതലുള്ള ട്രൂനാറ്റ് ടെസ്റ്റുകൾ നടത്താൻ ലാബുകൾ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒറു അസാധാരണ സാഹചര്യമാണെന്ന് എല്ലാവരും മനസിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദർഭമല്ല. സർക്കാർ നിശ്ചയിച്ച നിരക്കിൽ ടെസ്റ്റ് നടത്താൻ എല്ലാവരും തയ്യാറാകണം. വിസമ്മതിക്കുന്നവർ വീണ്ടും വിസമ്മതം തുടരുകയാണെങ്കിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകും- മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates