കോട്ടയം: ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനം നടത്തിയതിന്റെ അന്തിമ റിപ്പോർട്ട് 30ന് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. മണിമല, എരുമേലി പ്രദേശങ്ങളിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്‌ചയിച്ച സ്ഥലത്തിന്റെ ഉടമകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തിയിരുന്നു. ഇവിടുനുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട്.
റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് പിന്നാലെ വിദഗ്‌ധ സമിതി ഇതിൽ പഠനം നടത്തും. ഇതിനായി എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തിൽ ഏഴംഗ വിദഗ്ധ സമിതിയെ സർക്കാർ നിശ്‌ചയിച്ചിരുന്നു. വിമാനത്താവള പദ്ധതി യാഥാർഥ്യമാകുമ്പോൾ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ അത് ഏതെല്ലാം തരത്തിലായിരിക്കും ബാധിക്കുക എന്നാണ് സമിതി പ്രധാനമായും പഠിക്കുന്നത്. കുടിവെള്ള ലഭ്യത, ജലസ്രോതസുകൾ, ഗതാഗതം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചും പുനരധിവാസത്തെ സംബന്ധിച്ചും പഠിച്ച് സർക്കാരിന് ശുപാർശ നൽകും.
രണ്ട് സാമൂഹ്യ ശാസ്ത്രജ്ഞരും രണ്ട് പുനരധിവാസ വിദഗ്ധരും രണ്ട് തദ്ദേശസ്ഥാപന ജനപ്രതിനിധികളും കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും അടങ്ങുന്ന വിദഗ്ധസമിതിയോട് രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പദ്ധതി കൺസൾട്ടന്റായ അമേരിക്കൻ കമ്പനി ലൂയിസ് ബർഗർ സർവീസസ് പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പഠനം നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates