

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന നടന്നതായി മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒറ്റത്തവണ മാത്രമാണ് കണ്ടിട്ടുള്ളത്. തെളിവ് ഉണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും 2025ല്‍ ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊണ്ടുപോയത് കോടതിയെ അറിയിച്ചില്ല എന്ന തെറ്റ് മാത്രമാണ് ചെയ്തതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
'2025ല്‍ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത് എങ്ങനെയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്ന് മാത്രമാണ് പറയുന്നത്. 2025ല്‍ സ്വര്‍ണ നഷ്ടമോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഇല്ല. 2019 ആയി താരതമ്യം ചെയ്യുമ്പോള്‍ 2025ല്‍ കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ട്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടാണല്ലോ വിവാദങ്ങള്‍ വരുന്നത്. സെപ്റ്റംബര്‍ 20നാണ് അയ്യപ്പ സംഗമം നടന്നത്. സെപ്റ്റംബര്‍ ഏഴിനാണ് തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തില്‍ സന്നിധാനത്ത് എത്തുന്നതും ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ഈ ദ്വാരപാലക ശില്‍പ്പങ്ങള്‍ അഴിച്ചെടുക്കുന്നതും. അഴിച്ചെടുത്ത് കൃത്യമായി ഇതിന്റെ ആകെ തൂക്കം, അതില്‍ സ്വര്‍ണത്തിന്റെ അളവ് എന്നിവ കൃത്യമായി മഹസറില്‍ രേഖപ്പെടുത്തി. വിഡിയോ ചിത്രീകരണം നടത്തി. അപ്പോഴാണ് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കണം, കോടതിയെ അറിയിക്കണമെന്നുള്ള ഒരു വിധി ഉണ്ടായിരുന്നു എന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിറ്റേന്ന് രാവിലെ സ്‌പെഷ്യല്‍ കമ്മീഷണറെ ഉദ്യോഗസ്ഥര്‍ വിളിക്കുകയാണ്. റിപ്പോര്‍ട്ട് അയച്ചാല്‍ മതി. കുഴപ്പമില്ല എന്ന് പറഞ്ഞു. സ്‌പെഷ്യല്‍ കമ്മീഷണര്‍ കൊണ്ടുപോകേണ്ട എന്ന് പറഞ്ഞിരുന്നുവെങ്കില്‍ കൊണ്ടുപോകില്ലായിരുന്നു. അതിന്് ശേഷം ഉച്ചയോട് കൂടിയാണ് പത്തനംതിട്ടയില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത്. ഒന്‍പതാം തീയതി ചെന്നൈയില്‍ എത്തുന്നു. നടപടികള്‍ ആരംഭിക്കുകയാണ്. 9-ാം തീയതി സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്താം തീയതി കോടതി നിര്‍ത്തിവെയ്ക്കാന്‍ പറയുകയാണ്. ദേവസ്വം ബോര്‍ഡ് എസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് എസ്പി എത്തി കാര്യങ്ങള്‍ പരിശോധിച്ച് നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. കോടതിയില്‍ അറിയിച്ചില്ല എന്ന തെറ്റ് മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും പറഞ്ഞു'- പി എസ് പ്രശാന്ത് പറഞ്ഞു.
'14-ാം തിയതി ബോര്‍ഡ് സെക്രട്ടറി നിരുപാധികം കോടതിയോട് മാപ്പ് പറയുന്നു. 14-ാം തീയതി മുന്നോട്ടുപോകാന്‍ കോടതി അനുമതി നല്‍കി. ഇതിന്റെ ഭാഗമായി സ്‌റ്റേ നീക്കി. ഇതോടെ 2025ലെ ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീരുകയാണ്. പിന്നെ വിവാദം വരുന്നത് എപ്പോഴാണ്. സെപ്റ്റംബര്‍ 17ന് കേരളത്തിലെ പ്രമുഖ മാധ്യമത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെളിപ്പെടുത്തല്‍ വരികയാണ്. ശബരിമലയില്‍ നാലു കിലോ ഉള്ള രണ്ട് ദ്വാരപാലക ശില്‍പ്പ താങ്ങു പീഠങ്ങള്‍ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. ഈ വിവാദം ഏറ്റുപിടിച്ച് കൊണ്ട് അന്നത്തെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ അടിയന്തര പ്രമേയവുമായി വന്നു.ദേവസ്വം മന്ത്രി രാജിവെയ്ക്കണം. സ്വര്‍ണക്കള്ളനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ചവിട്ടി പുറത്താക്കണം. കോടതി വീണ്ടും ഇടപെട്ട് ദേവസ്വം ബോര്‍ഡ് എസ്പിയെ തന്നെ അന്വേഷണത്തിന് വെച്ചു. ഞങ്ങള്‍ വലിയ ടെന്‍ഷനിലായിരുന്നു. ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബോര്‍ഡും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകില്ലേ. എസ്പി വരുന്നു രേഖകള്‍ പരിശോധിക്കുന്നു. സ്‌ട്രോങ് റൂമില്‍ പരിശോധിക്കുന്നു. അവിടെയൊന്നും രേഖകള്‍ കാണാനില്ല. പിന്നീട് എസ്പി എന്നെ വിളിക്കുകയാണ്. വാസുദേവന്‍ പോറ്റി ഞങ്ങളുടെ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചെന്ന് എസ്പി പറഞ്ഞു. മാധ്യമങ്ങളില്‍ കാണുന്ന ദ്വാരപാലക ശില്‍പ്പങ്ങള്‍ എന്റെ കൈവശം ഉണ്ടായിരുന്നു എന്നാണ് വാസുദേവന്‍ പോറ്റി പറഞ്ഞത്. അത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്ത് അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുവച്ചിട്ടുണ്ട്. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശത്ത് നിന്ന് ദ്വാരപാലക ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കുന്നു. പിന്നാലെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നെ വിളിച്ച് കോടതി 2019ലെ ഫയലുകള്‍ ചോദിക്കുകയാണ് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു കൃത്യമായി ഫയലുകള്‍ കോടതിയില്‍ കൊടുക്കണം. അങ്ങനെ ഞങ്ങളുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് കോടതിയില്‍ ഫയലുകള്‍ കൊടുക്കുന്നത്. 2019ലെ ഫയലുകളില്‍ നിന്നാണ് 2019ല്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും പുറത്തുവരുന്നത്. ഞങ്ങള്‍ക്ക് ഒളിക്കാന്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഫയലിലെ പേപ്പറുകള്‍ മാറ്റമായിരുന്നല്ലോ. അത് ഞങ്ങള്‍ ചെയ്‌തോ. ഞങ്ങള്‍ കൂടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി ടീമിനെ വെച്ചത്.'- പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates