

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വംബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത് 1998ലാണ്. അന്ന് യുബി ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്ന വിജയ് മല്യ വഴിപാടായി ശബരിമല ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിക്കുകയായിരുന്നു. ദ്വാരപാലക ശില്പങ്ങളില്‍ അടക്കം സ്വര്‍ണം പൊതിയാന്‍ ആകെ 30.3 കിലോ സ്വര്‍ണം ഉപയോഗിച്ചതായാണ് അന്നത്തെ പത്രവാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍, 2019ല്‍ ഇതില്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായി നല്‍കിയ രേഖകളില്‍ സ്വര്‍ണപ്പാളി എന്നതിന് പകരം ചെമ്പ് പാളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1998 സ്വര്‍ണപ്പാളി ആയിരുന്നെങ്കില്‍ 2019ല്‍ എത്തിയപ്പോഴേക്കും അവ ചെമ്പുപാളികളായതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. 1998 സെപ്റ്റംബര്‍ നാലിനാണ് ചെമ്പ് തകിടുകള്‍ക്കുമേല്‍ സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍ സമര്‍പ്പിച്ചത്.
ശ്രീകോവിലിന്റെ മേല്‍ക്കൂര, മേല്‍ക്കൂരയിലെ നാല് നാഗരൂപങ്ങള്‍, ശ്രീകോവിലിന്റെ സീലിങ്, രണ്ട് ദ്വാരപാലക ശില്‍പ്പങ്ങള്‍, ഭിത്തിയിലെ അയ്യപ്പ ചരിതം എഴുതിയ തകിടുകള്‍ എന്നിവയിലാണ് സ്വര്‍ണം പൊതിഞ്ഞത്. ഇതിന് പുറമെ രണ്ട് കമാനങ്ങള്‍, ശ്രീകോവിലിലെ കാണിക്കവഞ്ചി, ശ്രീകോവിലിലെ മൂന്ന് കലശങ്ങള്‍, ശ്രീകോവിലിന് ചുറ്റുമുള്ള ആനയുടെ പ്രതിമകള്‍ ,ശ്രീകോവിലിന്റെ മുഖ്യ കവാടം, കന്നിമൂല ഗണപതി കോവിലിന്റെ കലശം, നാഗരാജ കോവിലിന്റെ കലശം എന്നിവയിലും സ്വര്‍ണം പൊതിഞ്ഞതായി അന്ന് വിജയ് മല്യ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 1998 സെപ്റ്റംബറില്‍ വന്ന പത്രവാര്‍ത്തയില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളുടെയും ചുവടു പിടിച്ചാണ് ശബരിമല ശ്രീകോവിലിനും സ്വര്‍ണം പൂശിയതെന്നാണ് വിജയ്മല്യ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
അന്ന് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നില്ല. 2019-ലാണ് അത് ചെയ്തത്. നിലമ്പൂര്‍ തേക്കുകൊണ്ട് പുതിയ വാതില്‍ നിര്‍മ്മിച്ച് അതില്‍ ചെമ്പ് തകിടുകള്‍ പാകി അതിനുമേല്‍ സ്വര്‍ണ്ണം പൊതിഞ്ഞു എന്നാണ് രേഖകളില്‍ കാണുന്നത്. അതിനു വേണ്ടി നാല് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചുവെന്നാണ് ഇതുസംബന്ധിച്ച് അന്ന് വന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. അന്ന് ഈ സ്വര്‍ണ്ണം പൊതിയാന്‍ വേണ്ടി വഴിപാടായി നല്‍കിയത് വ്യവസായികളാണ്. ആ വ്യവസായികളായ ഭക്തരുടെ കൂട്ടത്തില്‍ ഒരു പേര് ശ്രദ്ധേയമാണ്. അത് ഉണ്ണി തിരുമേനി എന്നൊരു പേരാണ്. അതാകണം ഇപ്പോഴത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
1998-ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരകാപാലകരുടെ ശില്‍പ്പത്തില്‍ നിന്നാണ് ഈ സ്വര്‍ണപ്പാളി എടുത്ത് മാറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. ഇതിനായി ദേവസ്വം ബോര്‍ഡ് നല്‍കിയ ഉത്തരവിലാണ് ഈ സ്വര്‍ണപ്പാളി ചെമ്പുപാളിയായി മാറിയത്. 1998ല്‍ സ്വര്‍ണമായിരുന്നത് 2019ലെത്തിയപ്പോള്‍ വെറും ചെമ്പുപാളി ആയി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
1998 വിജയ്മല്യ സമര്‍പ്പിച്ച സ്വര്‍ണം എവിടെയെന്ന ചോദ്യം ബാക്കിയാകുകയാണ്. ശബരിമല ശ്രീകോവിലില്‍ സ്വര്‍ണം പൊതിയുന്നതിന് എത്രത്തോളം സ്വര്‍ണം ഉപയോഗിച്ചു എന്നതിനുള്ള കൃത്യമായ രേഖ ദേവസ്വത്തിന്റെ പക്കലുണ്ടോയെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. 2019-ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് ആയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് സ്വര്‍ണപ്പാളി ചെമ്പായി മാറിയത്. ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് അന്ന് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ ശ്രീകോവിലിന്റെ വാതിലുകളുടെ അറ്റകുറ്റപ്പണി, ദ്വാരപാലകരുടെ ശില്‍പ്പങ്ങളെ പൊതിഞ്ഞ ചെമ്പുതകിടുകളുടെ അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കി സ്വര്‍ണംപൂശി തിരിച്ചേല്‍പ്പിക്കണം എന്നാണ് പറയുന്നത്.
ഇതിന് ആരെയാണ് ഈ ജോലിക്ക് ഉത്തരവാദപ്പെടുത്തിയിരിക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാണ്. 2019 ജൂലൈ മാസം ഏഴാം തീയതിയാണ് ഈ ഉത്തരവ് ഇറക്കുന്നത്. ഇതിനു ശേഷം 20-ാം തീയതിക്ക് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബോര്‍ഡ് ഉത്തരവ് പ്രകാരം ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം ചെമ്പാണ് എന്ന് രേഖപ്പെടുത്തി നല്‍കുന്നത്. ഇത് സ്വര്‍ണം പൂശുന്നതിന് വേണ്ടി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍ എന്ന സ്ഥാപനത്തില്‍ എത്തിക്കുക എന്നതായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഈ പാളികള്‍ കൈപ്പറ്റി ഒരുമാസത്തിന് ശേഷമാണ് ഈ സ്ഥാപനത്തില്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ കവചം എത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
