

ശബരിമല: മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളില്‍ ശബരിമലയിലെത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത്. 2025ല്‍ നട തുറന്ന ശേഷമുള്ള ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണ്. ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. തീര്‍ഥാടകരുടെ എണ്ണത്തില്‍ 47 ശതമാനം കുറവാണുണ്ടായത്. ഞായറാഴ്ച ദര്‍ശനം നടത്തിയത് 60,003 പേര്‍ മാത്രമാണെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഭക്തരുടെ എണ്ണത്തില്‍ ആശങ്കപ്പെടത്തക്കവിധം കുറവുണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചത്. സീസണില്‍ ആദ്യ രണ്ട് ദിവസങ്ങളില്‍ നേരിയ കുറവുണ്ടായെങ്കിലും നിലവില്‍ കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. ഭക്തരെ ശാസ്ത്രീയമായി നിയന്ത്രിച്ച് പമ്പയില്‍ നിന്ന് കയറ്റിവിടുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഫലപ്രദമായ ഏകോപനവുമാണ് സന്നിധാനത്തു പതിവുള്ള വന്‍തിരക്ക് കുറയാന്‍ കാരണം. ഇതുമൂലം എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താന്‍ കഴിയുന്നുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു.
അതേസമയം, അരവണ വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തിനുള്ളില്‍ 17 ലക്ഷം ഡപ്പി വിറ്റ സ്ഥാനത്ത് ഇത്തവണ എട്ട് ലക്ഷത്തോളം ഡപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്. നിലവില്‍ 40 ഡപ്പി അരവണ കരുതല്‍ ശേഖരത്തിലുണ്ട്. ഭക്തരുടെ എണ്ണത്തിലെ കുറവാണ് അരവണ വില്‍പ്പനയെയും ബാധിച്ചതെന്നാണ് ദേവസ്വം ജീവനക്കാര്‍ പറയുന്നു. നടവരവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates