

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ സംഗമത്തിന് പന്തളത്ത് തുടക്കമായി. വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ തകര്‍ക്കാന്‍ വേണ്ടി ബോധപുര്‍വം പലരും ദീര്‍ഘകാലം ആസൂത്രണം ചെയ്തിട്ടും അത് നടക്കാത്തത് അയ്യപ്പസ്വാമിയുടെ പിന്തുണയില്ലാത്തതുകൊണ്ടാണെന്ന് പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ പറഞ്ഞു. അവരെ ഭഗവാന്‍ പുറന്തള്ളിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. വിശ്വാസത്തോടൊപ്പം വികസനം സുരക്ഷ എന്നതാണ് സമ്മേളന സന്ദേശം.
ശബരിമലയില്‍ വികസനം ആവശ്യമാണെന്നും എന്നാല്‍ അത് വിശ്വാസത്തിന് എതിരായിരിക്കരുതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹിന്ദു ഐക്യമുമന്നണി നേതാവ് കെപി ശശികല പറഞ്ഞു. പമ്പയിലെ വേദിയില്‍ വച്ച് ചിലര്‍ അയ്യപ്പ വിഗ്രഹം ഏറ്റുവാങ്ങിയപ്പോള്‍ അയ്യപ്പന് മുന്നില്‍ നിന്ന് വിളക്കു തെളിയിച്ചപ്പോള്‍, ഗീതാ ശ്ലോകം ഇരുവിട്ടപ്പോള്‍ ഒരു കാര്യം മനസിലായി സനാതനധര്‍മമെന്നാല്‍ അത് സനാതനമാണെന്ന്. എതിര്‍ക്കുന്നവരെ കൊണ്ടുകൂടി ഇതൊക്കെ ചെയ്യിപ്പിച്ചേ ആ ധര്‍മം മുന്നോട്ടുപോകുകയുള്ളു. അവിടെ സാഷ്ടാഗം പ്രണമിക്കാതെ ആര്‍ക്കും മുന്നോട്ടുപോകാനാകില്ലെന്ന് ആ പരിപാടിയിലൂടെ ബോധ്യമായെന്ന് കെപി ശശികല പറഞ്ഞു.
വിശ്വാസം, വികസനം, സുരക്ഷ എന്നതാണ് ശബരിമല സംരക്ഷണസംഗമത്തിന്റെ ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ശബരിമലയില്‍ വികസനം ആവശ്യമാണ്. വികസനമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യമല്ല. അത് വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ്. ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രത്തിലും ആരാധനയുടെയും അടിത്തറ വിശ്വാസമാണ്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒന്നും അവിടെ നടക്കരുതെന്നും അവര്‍ പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു.
ശബരിമലയുടെ വിശ്വാസം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ശബരിമല അയ്യപ്പ സേവാ സംഘം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തും. ശബരിമലയുടെ വികസനം എന്ന വിഷയത്തിലാണ് രണ്ടാം സെമിനാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ജി രാമന്‍ നായര്‍ വിഷയാവതരണം നടത്തും. ശബരിമല സംരക്ഷണം എന്ന വിഷയത്തില്‍ നടക്കുന്ന മൂന്നാമത്തെ സെമിനാറില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷയാവതരണം നടത്തും.
വൈകിട്ട് മൂന്നിന് കുളനട പഞ്ചായത്തിലെ കൈപ്പുഴയുള്ള ശ്രീവല്‍സം മൈതാനത്ത് ശബരിമല സംരക്ഷണ സംഗമം സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഅണ്ണാമലൈ ഉദ്ഘാടനം ചെയ്യും സ്വാഗതസംഘം പ്രസിഡന്റ് പി എന്‍ നാരായണവര്‍മ്മ അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി ആമുഖപ്രഭാഷണം നടത്തും. സ്വാമി ശക്തി ശാന്താനന്ദ മഹര്‍ഷി, തേജസി സൂര്യ എംപി, പ്രജ്ഞാപ്രവാഹ ദേശീയ സമ്മേളനം ജെ നന്ദകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, ശബരിമല സംരക്ഷണ സംഗമം ജനറല്‍ കണ്‍വീനര്‍ കെ പി ഹരിദാസ് കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
