തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്‍. തരൂരിനെ പിന്തുണയ്ക്കാനുള്ള കാരണവും ശബരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി പറയുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി രാഷ്ട്രീയം സംവദിക്കാനുള്ള തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമാണ്. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മലയാളി മത്സരിക്കുമ്പോള്‍ കേരളത്തിന് അതൊരു അഭിമാനമാണെന്നും ശബരീനാഥന്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ജനാധിപത്യ മാര്‍ഗത്തിലൂടെ കോണ്‍ഗ്രസില്‍ സംഘടന തിരഞ്ഞെടുപ്പ് ഒരു നീണ്ട ഇടവേളക്ക് ശേഷം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. പാര്‍ട്ടിയുടെ തലപ്പത്തേക്ക് നെഹ്‌റു കുടുംബത്തിലെ ആരും തന്നെ ഇനിയില്ല എന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞത് അവരുടെ വ്യക്തിത്വത്തിന് പ്രഭാവം നല്‍കുന്നു. പുതിയ പാര്‍ട്ടി അധ്യക്ഷന്‍ ഇവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയും എന്നാണ് വിശ്വാസം.
ഇനി ഇലക്ഷനിലേക്ക് വരുമ്പോള്‍, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ: ശശി തരൂരിനെ പിന്തുണക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത് ചില കാരണങ്ങള്‍ കൊണ്ടാണ്
1. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഏറ്റവും പ്രധാനം പ്രത്യയശാസ്ത്രം (ideology) ആണ്. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും കാഴ്ചപ്പാടുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഇത്ര കൃത്യമായി പറയുന്ന മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഇല്ല. ജനങ്ങളുമായി അത്തരം രാഷ്ട്രീയം communicate ചെയ്യാന്‍ ശശി തരൂരിനുള്ള മികവ് ഒരു പോസിറ്റീവ് ഘടകമായി തോന്നുന്നു.
2. നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിനു വിശ്വസനീയമായ ഒരു ബദല്‍ അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയിലെ ബിജെപി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടുകള്‍ സഹായിക്കും. വിവിധ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളെ കോര്‍ത്തിണക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് വിശ്വാസം.
3. ലോകത്തില്‍ ഉണ്ടാകുന്ന സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മാത്രമേ ഇനി ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനും മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ. ഈ മാറ്റങ്ങള്‍ പാര്‍ട്ടി കൂടുതല്‍ ഉള്‍കൊള്ളേണ്ടതുണ്ട്. ലോകത്തെ വിശാലമായി നോക്കി കാണുകയും, ഓരോ മാറ്റങ്ങളെ കുറിച്ചും കൃത്യമായി പഠിച്ചു രാഷ്ട്രീയത്തില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ഡോ:തരൂരിലൂടെ ഇത് സാധിക്കും.
4. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഒരിക്കലും അദ്ദേഹം പാര്‍ട്ടിയെ കുറ്റം പറഞ്ഞിട്ടില്ല. പലരും പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടു പോകുമ്പോഴും വ്യക്തിപരമായി ചില പ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹം വിനിയോഗിച്ചു. വ്യത്യസ്തമായ രീതിയിലാണെങ്കിലും, അദ്ദേഹം 100% ഒരു കോണ്‍ഗ്രസ് കാരനാണ്.
5. തരൂരിനോടൊപ്പമുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ അദേഹം കൂട്ടായ പരിശ്രമത്തില്‍ വിശ്വസിക്കുകയും അത്തരം രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളായി തോന്നിയിട്ടുണ്ട്. അത് കൊണ്ട് തന്നെ തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ മുഴുവന്‍ നേതാക്കളെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് സംഘടന പ്രവര്‍ത്തനത്തെ ഒരു കൂട്ടായ്മയുടെ അധ്വാനമാക്കി മാറ്റുമെന്ന ഉറച്ച വിശ്വാസമുണ്ട്. ആ ശൈലിക്ക് ഒരു ജനാധിപത്യ സ്വഭാവമുണ്ടെന്നാണ് വിശ്വാസം. സംഘടന വളരുന്നതിലും വളര്‍ത്തുന്നതിലും വലിപ്പ ചെറുപ്പമില്ലാതെ ഏവര്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് കരുതുന്നു.
ശ്രീ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന മലയാളി പാര്‍ട്ടി അധ്യക്ഷനായത് 1897 ലാണ്. നൂറ്റിഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മലയാളി മത്സരിക്കുമ്പോള്‍ കേരളത്തിന് അതൊരു അഭിമാനമാണ്. എന്നെപോലെ ഒരു എളിയ പ്രവര്‍ത്തകന് ഒരു മലയാളിയുടെ നോമിനേഷന്‍ ഫോമില്‍ പിന്തുണച്ചു ഒപ്പിടാന്‍ ലഭിച്ച അവസരം ഒരു അസുലഭ ഭാഗ്യമായി ഞാന്‍ കരുതുന്നു.
ഇലക്ഷന്റെ ജയപരാജയങ്ങള്‍ക്ക് അപ്പുറം, പുതിയൊരു രാഷ്ട്രീയ സംസ്‌കാരം താഴെത്തട്ടില്‍ വരെ കൊണ്ടുവരുവാന്‍ ഈ സംഘടന തിരഞ്ഞെടുപ്പ് സഹായിക്കും. ആരു വിജയിച്ചാലും അത് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാകും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ഒരു പുതിയ ടീമിന് ഇത് രൂപം നല്‍കും.
ശ്രീ തരൂരിനും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുന്നു. വിദ്വേഷമില്ലാതെ, ചെളിവാരി എറിയാതെ സുതാര്യമായ ഒരു ഇലക്ഷന്‍ നടക്കട്ടെ...
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates