

കൊച്ചി: കേരളത്തിന് ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ സമ്മാനിക്കാൻ കഴിഞ്ഞതിൽ പറവൂരുകാർക്ക് അഭിമാനിക്കാമെന്ന് നടൻ സലിം കുമാർ. കൊച്ചിയിൽ മുഖ്യമന്ത്രി വി ഡി സതീശന് പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു സതീശന്റെ പട്ടാഭിഷേകം എന്നും അദ്ദേഹം പറഞ്ഞു.
''ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ക്ലൈമാക്സ് പോലെ ഏകദേശം പത്ത് ദിവസത്തോളം നമ്മളെ മുൾമുനയിൽ നിർത്തിയിട്ടാണ് ആ സന്തോഷിപ്പിക്കുന്ന വിവരം നമ്മുടെ ചെവിയിൽ എത്തിയത്. ഏതായാലും പറവൂരുകാർക്ക് അഭിമാനത്തോടെ പറയാം ഒരു പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് നൽകാൻ കഴിഞ്ഞു എന്ന്'' സലിം കുമാർ പറഞ്ഞു.
ഒരു പക്ഷെ, തെരഞ്ഞെടുപ്പ് ഫലം നേരെ വിപരീതം ആയിരുന്നു എങ്കിൽ വി ഡി സതീശൻ എന്ന നേതാവിന്റെ കരിയർ അവസാനിച്ചേനെ. എന്നാൽ ധൈര്യമായി മുന്നോട്ട് പോകാൻ സതീശൻ കാണിച്ച ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
''സതീശൻ മുഖ്യമന്ത്രിയാകുന്നതിന് മുൻപ് തന്നെ ഒരു മാധ്യമം എന്നെ വിളിച്ചു ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഒരു ഓർമ്മക്കുറിപ്പ് എഴുതി നൽകാമോ എന്ന് ചോദിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്ക് പോകേണ്ടതിനാൽ അന്ന് തന്നെ ഞാൻ എഴുതി നൽകാമെന്ന് പറഞ്ഞു. അന്ന് തന്നെ ഞാൻ അത് എഴുതി നൽകി. അപ്പോൾ അവർ ചോദിച്ചു ഇത് പ്രസിദ്ധീകരിക്കാൻ പറ്റുമോ? ഞാൻ അവരോട് പറഞ്ഞു പറ്റും, കാരണം ഞാൻ ഇത് ചങ്കിൽ നിന്നെടുത്ത വാചകങ്ങൾ ആണ്, അത് ഒരിക്കലും നിങ്ങൾക്ക് ഫ്രീസറിൽ വെച്ച് നശിപ്പിക്കേണ്ടി വരില്ല'' സലിം കുമാർ പറഞ്ഞു.
വനവാസക്കാരന്റെ പട്ടാഭിഷേകം എന്നായിരുന്നു അതിന്റെ തലക്കെട്ട്. വനവാസത്തിന് പോകാൻ നിന്നവരെ നിർബന്ധിച്ചു പട്ടാഭിഷേകം നടത്തിയ ഒരു കൂട്ടം ജനതയുടെ സായൂജ്യത്തിന്റെ കഥയാണ് ഇവിടെ നടന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
''നല്ല തുടക്കം പകുതി ചെയ്തതിന് തുല്യമാണ് എന്നാണ് പറയാറ്. നല്ല തുടക്കമാണ് വിഡി സതീശന് ലഭിച്ചത്. അതി മനോഹരമായിട്ട് തുടർന്നുള്ള വർഷങ്ങളും പോകട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ മുഖത്തുള്ള പാൽ പുഞ്ചിരി മായാതെയിരിക്കട്ടെ എന്നും ആശംസിക്കുന്നു'' സലിം കുമാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates