

കൊച്ചി: പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടൻ മോഹൻലാൽ. കൊച്ചിയിൽ മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും. കേരളത്തിന് ഈ ആളെ തന്നെ മുഖ്യമന്ത്രിയായി വേണമെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ആ ദിവസത്തിലൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. സത്യസന്ധത, സുതാര്യത.
ബഹുമാനപ്പെട്ട സതീശൻ സാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തിൽ എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു, ആശംസിക്കുന്നു. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാഗ്യവാനായ മുഖ്യമന്ത്രിയാണിപ്പോൾ വിഡി സതീശൻ സാർ. മഴയും പുഴകളും കാടും മലയും കടലും ഒരുപോലെ അനുഗ്രഹിച്ച ഒരിടം. കൃഷിയും വാണിജ്യവും കലയും സംസ്കാരവും പരസ്പരം ലയിച്ച നാട്.
തൊഴിലിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഈ നാടിനെയും അതിന്റെ അമൂല്യമായ സമ്പത്തിനെയും വേണ്ട രീതിയിൽ ഉപയോഗിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്. അതിന്റെ സാധ്യതകളെ ഫലപ്രദമായ തരത്തിൽ വിനിയോഗിക്കാൻ നമുക്ക് സാധിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.
നമ്മുടെ ചരിത്രം, സംസ്കാരം, കല, പ്രാദേശിക ഭംഗികൾ, കാലാവസ്ഥ, വാണിജ്യ വിഭവങ്ങൾ തുടങ്ങി ലോകത്തിന് പ്രിയപ്പെട്ട എത്രയെത്ര കാര്യങ്ങൾ. കുരുമുളക് കൊണ്ടുപോയ വൈദേശിക ശക്തികളോട് ഞങ്ങളുടെ തിരുവാതിര ഞാറ്റുവേല നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിക്കില്ലല്ലോ എന്ന് പറഞ്ഞ രാജാവിനെ ഓർമ വരുന്നു.
അത്രമേൽ അനുഗ്രഹീതരാണ് നമ്മൾ. കാഴ്ചപ്പാടുള്ള ഒരു ഭരണാധികാരിക്ക് മുന്നിൽ ഒരേസമയം വെല്ലുവിളിയും സാധ്യതകളുമാണിവർ. സാമാന്യത്തിലധികം വായനയും ചിന്തയുമുള്ള സതീശൻ സാറിന് ഇക്കാര്യങ്ങളെല്ലാം എന്നേക്കാൾ നന്നായി അറിയാം. നെഹ്റുവിയൻ സോഷ്യലിസ്റ്റായ സതീശൻ സാർ നെഹ്റുവിനെപ്പോലെ വലിയൊരു സ്വപ്നം കാണുന്ന ആൾ ആകാതെ തരമില്ല.
പരിസര ശുചിത്വത്തെക്കുറിച്ച് ഞാനെപ്പോഴും പറയാറുള്ളതാണ്. മഴയും മഞ്ഞും വെയിലും മാറി മാറി വരുമ്പോൾ എത്രയെത്ര രോഗങ്ങളാണ് കേരളത്തിൽ താവളമടിക്കാറുള്ളത്. ഇതിന് പലതിനും കാരണക്കാർ നമ്മൾ തന്നെയാണ് എന്നതാണ് സത്യം. ഒരു യുദ്ധത്തിൽ മരിക്കുന്നതിനേക്കാൾ മനുഷ്യർ കേരളത്തിലെ റോഡുകളിൽ ഒരു വർഷം മരിക്കുന്നു എന്ന കാര്യം ഒരിടത്ത് ഞെട്ടലോടെ വായിച്ചത് ഞാനോർക്കുന്നു. മരിച്ചവരേക്കാൾ അധികമാണ് ഗുരുതരമായി പരിക്കേറ്റ് വീടുകളിലേക്ക് ഒതുങ്ങി ജീവിതം തകർന്ന് കഴിയുന്നവർ.
ഈ രണ്ട് കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എന്റെ ആകുലതകളായി വയ്ക്കുകയാണ്. ആളെ കൊല്ലുന്ന റോഡുകളിൽ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അത് വലിയൊരു ചുവടുവയ്പ്പ് ആയിരിക്കും. മറ്റൊന്ന് മയക്കുമരുന്ന് ആണ്. 'നാർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്' എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്.
കേരളത്തിലിപ്പോൾ മയക്കുമരുന്ന് ഒഴുകുകയാണ്. നമ്മുടെ കുഞ്ഞുങ്ങളുടെ സ്കൂൾ കവാടത്തിന് മുന്നിൽ വരെ മയക്കുമരുന്ന് എന്ന വിപത്ത് എത്തിയിരിക്കുന്നു. ഉരുക്ക് മുഷ്ഠിയും ദൃഢനിശ്ചയവുമായി സർക്കാർ മുന്നിൽ നിന്നാൽ മയക്കുമരുന്ന് എന്ന വിപത്തിന് നമുക്ക് തുടച്ചു നീക്കാൻ സാധിക്കും. അതിനുള്ള കരുത്ത് ഈ ഗവൺമെന്റിന് ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്ര ബോധമാണ് എന്നെ എപ്പോഴും നയിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും മാത്രമായി ഇവിടെ വിപ്ലവങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും എനിക്കറിയാം. അവകാശങ്ങൾക്കൊപ്പം വരുന്ന നിഴലാണ് കടമകൾ.
ഒരു കലാകാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും എന്നത്തേയും പോലെ സതീശൻ സാറിനും അദ്ദേഹത്തിന്റെ സർക്കാരിനും ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്തിനും തയ്യാറായി കേരളീയർ നിങ്ങൾക്കൊപ്പമുണ്ട്. ഞങ്ങളെ ധീരമായി മുന്നിൽ നിന്ന് നയിക്കുക. പരാധീനതകളെ മറികടക്കാം". - മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates