'ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പ്: പിഎം ശ്രീയില്‍ വ്യക്തതയില്ല, കേന്ദ്ര വിമര്‍ശനമില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയില്‍ വന്നില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു
vd satheesan, suprabhatham editorial
വിഡി സതീശന്‍, സുപ്രഭാതം മുഖപ്രസംഗം
Edited By:
Updated on
3 min read

കൊച്ചി: പിഎം ശ്രീ ഉള്‍പ്പെടെ കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം രംഗത്ത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത കാണിക്കുകയാണെന്നും സര്‍ക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തിയുക്തം എതിര്‍ത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രതയാണ് പുതിയ സര്‍ക്കാരിനെന്നും സുപ്രഭാതം മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തില്‍ ഭരണമാറ്റത്തോടെ, കൂടുതല്‍ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ മനസില്‍ കണ്ടത്. എന്നാല്‍, ആ വിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പുകളാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായത്. നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയില്‍പോലും കേന്ദ്രവിമര്‍ശനം വരാതിരിക്കാനുള്ള അതീവ ജാഗ്രതയുണ്ടായി. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയില്‍ വന്നില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

vd satheesan, suprabhatham editorial
'എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍..., കെ കരുണാകരന്‍ ഭരിച്ച കാലത്ത് വവ്വാല്‍ ഉണ്ടായില്ലേ'; നിപയില്‍ കെ മുരളീധരന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം

ജനായത്ത സമ്പ്രദായത്തിന്റെ മുഖമുദ്ര സുതാര്യതയാണ്. തെളിച്ചമുള്ള നിലപാടും വിട്ടുവീഴ്ചയില്ലാത്ത ആശയദൃഢതയുമുള്ള ജനനായകരാണ് ജനാധിപത്യത്തെ കൂടുതല്‍ പ്രശോഭിതമാക്കുന്നത്. വാക്കും നിലപാടും സൂക്ഷ്മതയോടെ പാലിക്കാനുള്ളതാണെന്ന് ഭരണത്തിലുള്ളവര്‍ നിരന്തരം ഓര്‍മിക്കുമ്പോഴാണ് ഒരു ഭരണകൂടം കൂടുതല്‍ ജാഗ്രത്തും ജനകീയവുമാവുന്നത്. കേരളത്തില്‍ ഭരണമാറ്റത്തോടെ, കൂടുതല്‍ സുതാര്യതയോടും ആശയവ്യക്തതയോടുംകൂടി ഇടപെടുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ മനസില്‍ കണ്ടത്. എന്നാല്‍, ആ വിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പുകളാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യദിനങ്ങളിലുണ്ടായതെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്.

പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനുള്ള ശ്രമം തുടങ്ങുകയും ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വലിയ പിന്തുണയാണ് എല്ലാ കോണുകളില്‍നിന്നും സര്‍ക്കാരിനുണ്ടായത്. നിലപാടില്‍ അണുവിട വ്യതിചലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും നടപ്പിലും ഇരിപ്പിലും ഇടപെടലുകളിലും കൂടുതല്‍ ജനകീയത കാട്ടുകയും ചെയ്ത മുഖ്യമന്ത്രിയുടെ സമീപനങ്ങള്‍ വലിയ മാറ്റമായാണ് അനുഭവപ്പെട്ടത്. എന്നാല്‍, അത്തരം വിശ്വാസങ്ങളെ തട്ടിമാറ്റുന്ന വിധത്തിലുള്ള അന്തര്‍നാടകങ്ങളാണ് ഭരണനേതൃത്വത്തില്‍ നിന്നുണ്ടാവുന്നത്. കേരളത്തിന്റെ പൊതുമനസ് വിലക്കിയ പി.എം ശ്രീ പോലുള്ള പദ്ധതികളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വ്യക്തതയില്ലാത്ത നിലപാടുകളും അനിശ്ചിതത്വവും സതീശന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാവുമോ?

vd satheesan, suprabhatham editorial
'സര്‍വകലാശാല കാവിവല്‍ക്കരണത്തിന് വഴി വെട്ടിയത് എല്‍ഡിഎഫ് ; യുഡിഎഫ് സര്‍ക്കാര്‍ അത് അനുവദിക്കില്ല'

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിലും പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും നിലവില്‍വന്ന സര്‍ക്കാരുകളോട് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ഭരണതലത്തിലെ അവ്യക്തതയാണ് സംശയങ്ങള്‍ ഇരട്ടിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതും നിയമപരമായി അവകാശപ്പെട്ടതുമായ കേന്ദ്രവിഹിതം നല്‍കണമെങ്കില്‍ പി.എം ശ്രീ നടപ്പാക്കണമെന്ന തിട്ടൂരമാണ് ബി.ജെ.പി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാനവിഹിതം തടയാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് തമിഴ്നാട് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതിനുശേഷവും കേന്ദ്രം സമ്മര്‍ദതന്ത്രം പയറ്റുകയാണ്.

ബി.ജെ.പി ഭരിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കരാറില്‍ ഒപ്പുവച്ചു. തമിഴ്നാട്ടില്‍ മുന്‍ സര്‍ക്കാര്‍ നിലപാട് പിന്തുടരുകയാണ് വിജയ് സര്‍ക്കാര്‍. എന്നാല്‍, കേരളത്തിലാവട്ടെ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടശേഷം മരവിപ്പിച്ച കരാറുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികളില്‍ വ്യക്തമായ നിലപാട് പറയാന്‍ പുതിയ സര്‍ക്കാരിന് സാധിക്കുന്നില്ല. അധികാരത്തിലെത്തിയാല്‍ പദ്ധതി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചവരില്‍നിന്നാണ് ഇത്തരം സമീപനമുണ്ടാവുന്നത്. പി.എം ശ്രീ മാത്രമല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല്ലും നഖവും ഉപയോഗിച്ച് ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശക്തിയുക്തം എതിര്‍ത്ത പല കാര്യങ്ങളും നടപ്പാക്കാനുള്ള വ്യഗ്രത എന്തിനാണ്.

vd satheesan, suprabhatham editorial
'ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച' ; സിപിഎം സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ മൂന്ന് തിരുത്ത്

10 വര്‍ഷത്തെ ഇടതു ഭരണത്തിനുശേഷമാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നത്. സര്‍ക്കാരിന്റെ നയവും നിലപാടുകളും ഭാവികേരളത്തെക്കുറിച്ചുള്ള സമഗ്ര കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളുന്നതാണ് നയപ്രഖ്യാപനം. സംസ്ഥാനത്തെ ധനസ്ഥിതി, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ആരോഗ്യരംഗത്തെ പ്രതിസന്ധികള്‍, വിലക്കയറ്റം തുടങ്ങിയ ഒട്ടനവധി വിഷയങ്ങളില്‍ സര്‍ക്കാരിന്റെ കൃത്യമായ സമീപനം നയപ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചു കണ്ടു. അതേസമയം, നയപ്രഖ്യാപനത്തിലോ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ധവളപത്രത്തിലോ ഒരു വരിയില്‍പോലും കേന്ദ്രവിമര്‍ശനം വരാതിരിക്കാനുള്ള അതീവ ജാഗ്രത എങ്ങനെ സംഭവിച്ചു?

ഈ ആശങ്കക്ക് ഒരു ഭാഗത്തുനിന്നും ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ മറുപടിയുണ്ടായില്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതം ഉള്‍പ്പെടെ കേന്ദ്രം തടഞ്ഞുവെക്കുന്നതായ പരാതി മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷംകൂടി ഉന്നയിച്ച വിഷയമാണ്. ഭരണം മാറിയിട്ടും കേന്ദ്ര നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നിരിക്കെ, നയപ്രഖ്യാപനത്തില്‍ അതേക്കുറിച്ച് പരാമര്‍ശിക്കാത്തത് കേവലം ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ന്യായീകരണത്തില്‍ ഒതുങ്ങുന്നതാണോ. ഗവര്‍ണര്‍, വിസമ്മതിച്ചാലും നിയമസഭയില്‍ അക്കാര്യത്തെക്കുറിച്ച് ഒരുവരി പ്രസ്താവനപേലും നടത്താന്‍ സതീശന്‍ സര്‍ക്കാര്‍ മടിച്ചത് ഏവരെയും അമ്പരപ്പിച്ചതാണ്.

vd satheesan, suprabhatham editorial
ഒടുവില്‍ പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരേ ഒരുപ്രമേയംപോലും നിയമസഭയില്‍ വന്നില്ല. ഇതൊന്നിനും സമയമായില്ല എന്നതാണ് വിശദീകരണമെങ്കില്‍, മറ്റുപല കാര്യങ്ങളിലും കാട്ടുന്ന തിടുക്കത്തെ എന്തുപറഞ്ഞ് ന്യായീകരിക്കും. ഗവര്‍ണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നില്ല. സര്‍വകലാശാലകളെ പിടിയിലൊതുക്കാനുള്ള ആര്‍.എസ്.എസ് അജന്‍ഡകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞു മനസിലാക്കേണ്ടതുണ്ടോ. ഗവര്‍ണര്‍ സ്വന്തം നിലക്ക് സര്‍വകലാശാലകളുടെ ഭരണവും നിയമനങ്ങളും നടത്തുന്ന നടപടിയെ ശക്തമായി എതിര്‍ക്കാന്‍ എന്തുകൊണ്ടാണ് ഭരണനേതൃത്വം മടികാണിക്കുന്നത്.

ഭരണത്തിലേറി മാസം തികയും മുമ്പ് രാഷ്ട്രീയവിമര്‍ശനം നടത്തുകയല്ല, നേരിടാന്‍ പോകുന്ന, നാളെകളില്‍ മറുപടി പറഞ്ഞിരിക്കേണ്ട അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക മാത്രമാണ്. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാനുള്ള ജനവിശ്വാസവുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റത്. അവിടെ കാണാച്ചരടുകളുള്ള കരാറുകളിലേര്‍പ്പെടുന്നത് കേരളത്തിന് വലിയ അപകടം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

സുതാര്യതയാവണം ഭരണകൂടത്തിന്റെ മുഖവിലാസം. അതല്ലെങ്കില്‍, ഒളിക്കാനുണ്ടെന്ന് ജനം വിലയിരുത്തും. മടിയില്‍ കനമില്ലെന്ന് നാലാവര്‍ത്തി വിളിച്ചുപറയുന്നവരുടെ ചില വിക്രീഡിതങ്ങള്‍ ഇന്നാട് കണ്ണുതുറന്ന് കണ്ടതാണ്. അവരുടെ മടിയിലും മനസിലും കള്ളത്തരങ്ങളുണ്ടെന്ന് ജനം വിധിയെഴുതിയപ്പോഴാണ് പകരം അധികാരത്തിന്റെ പടികയറി പുതിയ നേതൃത്വം എത്തിയതെന്ന് മറന്നുപോകരുത്. തങ്ങള്‍ ജയിച്ചതിനേക്കാള്‍ എതിരാളികള്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ച് മനസിരുത്തി പഠിച്ചാല്‍ മേലിലെങ്കിലും പിഴവുകള്‍ തിരുത്താനാകും. എല്ലാകാലത്തും എല്ലാവരെയും കബളിപ്പിക്കാന്‍ ആവില്ലെന്ന സാമാന്യ തത്വം ഭരിക്കുന്നവര്‍ മറക്കരുത്. ഓരോ ഭരണാധികാരിയുടെയും കസേരകള്‍ അവിടെ ഇരുത്തിയവരുടേതുകൂടിയാണ്.

Summary

Samastha mouthpiece Suprabhatham criticises UDF government's stand on PM SHRI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com