

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷവും തുടർന്നുണ്ടായ പൊലീസ് അതിക്രമവും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സിപിഎമ്മിലെ വി ജോയിയാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പൊലീസ് മർദ്ദനത്തിനിടെ പൊട്ടിയ ലാത്തിയുടെ ഭാഗവും ജോയി സഭയിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്നത് സർക്കാർ സ്‌പോൺസേർഡ് നരനായാട്ടാണ്. കന്റോൺമെന്റ് എസ് ഐ ഗോകുൽ 34 സെക്കൻഡ് കൊണ്ട് 26 തവണയാണ് വിദ്യാർഥികളെ അടിച്ചതെന്നും വി ജോയ് പറഞ്ഞു.
സഭയിൽ വി ജോയ് ഉയർത്തിക്കാട്ടിയ ലാത്തിയുടെ ഭാഗം വാങ്ങാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വാച്ച് ആന്റ് വാർഡിന് നിർദേശം നൽകി. ലാത്തിയുടെ ഭാഗം പരിശോധിക്കുമെന്നും സ്പീക്കർ അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാക്കൾ പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ചു. കന്റോൺമെന്റ് സി.ഐയും എസ്.ഐയും ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ കുഞ്ഞുങ്ങളെ താലോലിക്കാൻ കഴിയാതെ ഇല്ലാതാക്കിക്കളയുമെന്ന് കടകംപള്ളി സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്- കെഎസ് യു പ്രവർത്തകരെ തലതല്ലിപ്പൊട്ടിച്ചു. രക്ഷാപ്രവർത്തനമെന്ന പേരിൽ ഭീകരമായ മർദ്ദനത്തിന്റെ ഇരയായ എഡി തോമസ് എംഎൽഎ ഈ സഭയിലുണ്ട്. ഞങ്ങൾ ആരെയും കൊല്ലുമെന്ന് പറഞ്ഞിട്ടില്ല. ഒരു പൊലീസുകാരന്റെയും വീട്ടിലേക്ക് മാർച്ചും നടത്തിയിട്ടില്ല. കാരണം പൊലീസുകാർക്കെതിരെയല്ല, സർക്കാരിനെതിരെയാണ് സമരം നടത്തേണ്ടത്. ഇപ്പോൾ ജോയിയെപ്പോലൊരാൾ പൊലീസിന്റെ ലാത്തിയുമായി സഭയിലെത്തിയിരിക്കുകയാണ്. മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
നിങ്ങളും ആഭ്യന്തരമന്ത്രിയായിരുന്ന ആളല്ലേ, ഏതെങ്കിലും ലാത്തിച്ചാർജ്ജിന്റെ പേരിൽ പൊലീസുകാരന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും, പൊലീസുകാരനെ കൊല്ലുമെന്ന് പറയുന്നത്, അമ്മയെ കാണിക്കില്ലെന്ന് പറയുന്നത് ശരിയാണോ എന്ന് പിണറായി വിജയനോടും മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു. 10 വർഷം ഭരിച്ച പൊലീസ് തന്നെയാണ് ഇപ്പോഴുമുള്ളത്. തമിഴ്നാട്ടിൽ നിന്നും പൊലീസുകാരെയൊന്നും ഇറക്കിയിട്ടില്ല. യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ഹോസ്റ്റലിൽ നിന്നും ബിയർ കുപ്പി എറിഞ്ഞു. വിദ്യാർഥികൾ മാത്രമല്ല ഹോസ്റ്റലിൽ താമസിക്കുന്നത്. കാലങ്ങളായി താമസിക്കുന്നവരെക്കുറിച്ച് അന്വേഷിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി അക്കാര്യം പരിശോധിക്കട്ടെയെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് ആരുടേയും തല അടിച്ചു പൊട്ടിച്ചിട്ടില്ല. വെറുതെ സഭയിൽ വന്ന് കള്ളം പറയരുത്. സർക്കാരിനെതിരെ സമരം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ പോലും എസ്എഫ്ഐക്ക് സാധിച്ചിട്ടില്ല. ഏതെങ്കിലും സർക്കാർ അധികാരത്തിൽ വന്ന് ആറുമാസത്തിനകം പ്രതിപക്ഷം ഇങ്ങനെ സമരം നടത്തുന്നതിന് പിന്നിലെ കാരണം കേരളത്തിലെ ജനങ്ങൾക്ക് അറിയാം. അതെന്താണെന്ന് താൻ പറയുന്നില്ല. ദയവായി കുട്ടികളെ വെറുതെ തെരുവിൽ ഇറക്കി അനാവശ്യ സമരം നടത്തരുതെന്ന് പിണറായി വിജയനോട് അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വലിയ വാഗ്വാദം ഉണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates