കൊച്ചി: കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലുള്ള സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. സിഐ സുനു സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളും വകുപ്പുതലത്തില്‍ 8 അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടയാളാണ്. പീഡനക്കേസില്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പീഡനക്കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷമാണ് സുനുവിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്.
മുമ്പും പീഡനക്കേസില്‍ പ്രതി
മുളവുകാട് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സുനു പിടിയിലാകുന്നത്. സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ റിമാന്‍ഡിലാകുകയും ചെയ്തിരുന്നു.
കണ്ണൂര്‍ കരിക്കോട്ടക്കരി സ്‌റ്റേഷനില്‍ ജോലിചെയ്യുമ്പോള്‍ ഔദ്യോഗിക വാഹനത്തില്‍ സ്ത്രീയുമായി കണ്ടതു ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കിയതിലും സുനുവിനെതിരെ കേസെടുത്തിരുന്നു. തൃശൂരിലും സമാനമായ കേസുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പു കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃക്കാക്കരയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന കേസിലാണ് സുനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2022 മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്താണ് പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്താവ് സാമ്പത്തിക തട്ടിപ്പു കേസില്‍ ജയിലിലാണ്. പട്ടാളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെന്നാണ് കേസ്.
കിടപ്പുമുറിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി
ഈ സാഹചര്യം മുതലെടുത്ത് സഹായവാഗ്ദാനം നല്‍കി പരാതിക്കാരിയെ സമീപിച്ച പ്രതികള്‍ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇതില്‍ അഞ്ചുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്.
വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരന്‍ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ കസ്റ്റഡിയിലുള്ള സുനുവിനെ രക്ഷിക്കാനും നീക്കം ശക്തമായതായി ആക്ഷേപമുണ്ട്.
അജ്ഞാത കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ
ഇന്നലെ കസ്റ്റഡിയിലെടുത്ത സുനുവിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമാണ് പൊലീസ് നിലപാട്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുനു ആരോപണങ്ങള്‍ നിഷേധിച്ചു.
പരാതിക്കാരിയുടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായം ചെയ്തു നല്‍കാത്തതിലുള്ള പ്രതികാരമായിട്ടാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നാണ് സുനു പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം മാത്രമാകും തുടര്‍നടപടിയുണ്ടാകുക എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates