ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന് യുവതിയുടെ പരാതി
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് കാണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് യുവതി പരാതി നല്‍കി. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും പാലക്കാട്ടുകാരിയായ യുവതി പരാതിയില്‍ പറയുന്നു. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി ഇ മെയിലില്‍ പരാതി അയച്ചത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയിരുന്നു. പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയക്കുന്നതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കാനുള്ള അര്‍ഹത കൃഷ്ണകുമാറിനില്ല. കൃഷ്ണകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും യുവതിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നു. നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.
അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ഇത് തനിക്കെതിരെ കുറച്ചുനാള്‍ മുമ്പ് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്ന പരാതിയാണ്. വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും സി കൃഷ്ണകുമാര്‍ പറയുന്നു.
Sexual harassment complaint against BJP state vice president C Krishnakumar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

