

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാംപസുകളില്‍ ആധിപത്യം തുടര്‍ന്ന് എസ്ഫ്‌ഐ. ക്യാംപസുകളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതോടെ കേരള, മഹാത്മാഗാന്ധി (എം ജി), കാലിക്കറ്റ്, കണ്ണൂര്‍ തുടങ്ങി സംസ്ഥാനത്തെ പ്രധാന സര്‍വകലാശാലകളിലെല്ലാം ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന ആധിപത്യം നിലനിര്‍ത്തി. സംസ്ഥാനത്തെ മറ്റ് വിദ്യാര്‍ഥി സംഘടനകളെ ബഹുദൂരം പിന്നിലാക്കിയാണ് എസ്എഫ്‌ഐയുടെ തേരോട്ടം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായി കെ എസ് യു വിദ്യാര്‍ഥികളുടെ പിന്തുണ സ്വന്തമാക്കുന്നതില്‍ ബഹുദൂരം പിന്നിലാണ്. മലബാറിലെ ശക്തി കേന്ദ്രങ്ങളില്‍ മുസ്ലീം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിനും ഏറെ പിന്നിലാണ് കെഎസ്‌യു. കേരളം രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ ഒരുങ്ങുമ്പോള്‍ ക്യാംപസുകളുടെ ഇടത് മനോഭാവം പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമോ എന്നതാണ് ഉയരുന്ന ചര്‍ച്ചകളില്‍ പ്രധാനം.
സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച ശക്തി പ്രാപിക്കുമ്പോഴും ക്യാംപസുകളില്‍ സംഘപരിവാര്‍ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത നേടാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള രണ്ട് കോളജുകളിലും, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒന്നും, കണ്ണൂരില്‍ രണ്ട് കോളജുകളിലും മാത്രമാണ് എബിവിപിയുടെ വിജയം.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള 75 കോളജുകളില്‍ 65 എണ്ണത്തിലും എസ്എഫ്ഐ വിജയം നേടി. 45 കോളജുകളില്‍ എസ്എഫ്‌ഐയുടെ വിജയം എതിരില്ലാതെ ആയിരുന്നു. ഒമ്പത് കോളജുകളില്‍ കെ എസ് യു വിജയിച്ചു. ആദ്യമായി ആലപ്പുഴ ജില്ലയില്‍ ഒരു കോളജ് യൂണിയന്‍ പോലും നേടാന്‍ കെഎസ് യുവിന് കഴിഞ്ഞില്ല. വയലാര്‍ രവി, വി എം സുധീരന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സ്വന്തം തട്ടകത്തിലാണ് സംഘടനയുടെ ഈ ദുരവസ്ഥ.
കണക്കുകള്‍ ഇങ്ങനെയെങ്കിലും ക്യാംപസ് തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അവകാശപ്പെട്ടു. പല കോളജുകളിലും എസ്എഫ്ഐ മസില്‍ പവര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും കെഎസ് യു നേതാക്കള്‍ ആരോപിച്ചു. സര്‍വകലാശാല സ്വയംഭരണത്തിന് മേല്‍ സംഘപരിവാര്‍ നടത്തുന്ന കടന്നുകയറ്റം ഉള്‍പ്പെടെ എസ്എഫ്‌ഐ ഉന്നയിച്ച സമകാലിക വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ സ്വീകരിച്ചതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള 77 കോളജുകളില്‍ 60 എണ്ണത്തിലും എസ്എഫ്ഐ വിജയിച്ചു. 39 കോളജുകളില്‍ അവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 12 കോളജുകളില്‍ കെഎസ് യു വിജയിച്ചു, അതില്‍ നാല് കോളജുകളില്‍ കെഎസ് യു - എംഎസ്എഫ് സഖ്യമാണ് വിജയം നേടിയത്.
പലപ്പോഴും എംഎസ്എഫ് - കെ എസ് യു സഖ്യം കരുത്ത് തെളിയിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ 202 കോളജുകളില്‍ 127 എണ്ണവും എസ്എഫ്ഐ സ്വന്തമാക്കി. കഴിഞ്ഞ തവണ ഉള്‍പ്പെടെ യുഡിഎസ്എഫ് സ്വന്തമാക്കിയ 35 കോളജുകള്‍ ഇത്തവണ എസ്എഫ്‌ഐ സ്വന്തമാക്കി. 21 കോളജ് യൂണിയനുകളില്‍ കെഎസ് യു വിജയിച്ചു. എംഎസ്എഫ് ആധിപത്യം പുലര്‍ത്തുന്ന മലപ്പുറത്ത്, 73 കോളജുകളില്‍ 30 എണ്ണത്തിലും എസ്എഫ്ഐ വിജയം നിലനിര്‍ത്തി. 15 ക്യാംപസുകളാണ് യുഡിഎസ്എഫില്‍ നിന്ന് ഇത്തവണ തിരിച്ചുപിടിച്ചത്.
കെ എസ് യുവിനെ മറികടന്ന് 47 കോളജുകളില്‍ എംഎസ്എഫ് ആധിപത്യം നേടി. സഖ്യമില്ലാതെ ഏഴ് കോളജുകളാണ് എംഎസ്എഫ് വിജയിച്ചത്. എസ്എഫ്‌ഐ വിജയിച്ച് വിന്നിരുന്ന നിരവധി ക്യാപസുകള്‍ ഇത്തവണ യുഡിഎഫ്എഫിന് നേടായെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. 40 ലധികം എയ്ഡഡ് സ്വാശ്രയ കോളജുകളില്‍ ഉള്‍പ്പെടെയാണ് തങ്ങളുടെ മുന്നേറ്റം എന്നും പി കെ നവാസ് അവകാശപ്പെട്ടു.
അതിനിടെ, വിദ്യാര്‍ഥി സഖ്യമായ യുഡിഎസ്എഫിനുള്ളിലെ ഭിന്നത തെരുവിലേക്ക് നീളുന്ന നിലയും ഇത്തവണ ഉണ്ടായി. കൊടുവള്ളി കെഎംഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍, എംഎസ്എഫിനെതിരെ കെ എസ് യു നേടിയ വിജയത്തിന് ശേഷം, 'എംഎസ്എഫ് പരാജയപ്പെട്ടു, മതേതരത്വം വിജയിച്ചു' എന്നെഴുതി ബാനര്‍ ഉയര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
വയനാട്ടിലെ മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ വിജയിച്ച എംഎസ്എഫ് നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ടി.സിദ്ദിഖിനും ഐ സി ബാലകൃഷ്ണനും എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന താക്കീതും എംഎസ്എഫ് ഉയര്‍ത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള 123 കോളജുകളില്‍ 103 എണ്ണവും എസ്എഫ്ഐ സ്വന്തമാക്കി. 31 കോളജുകളില്‍ കെഎസ് യു വിജയം കണ്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates