

കൊച്ചി: അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനില്‍ കൊച്ചി-കോട്ടയം യാത്രാ സമയം 22 മിനിറ്റ്. കൊച്ചി-തൃശൂര്‍ 31 മിനിറ്റും കൊച്ചി-കോഴിക്കോട് 75 മിനിറ്റും കൊച്ചി- തിരുവനന്തപുരം വരെ ഒന്നര മണിക്കൂറുമായിരിക്കും.
ആകെ പതിനൊന്നു സ്റ്റേഷനാണ് സില്‍വര്‍ ലൈനിന് ഉണ്ടാവുക. എറണാകുളം ജില്ലയില്‍ രണ്ടു സ്റ്റേഷനുണ്ടാവും. കാക്കനാട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും. വിമാനത്താവളത്തില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒരു മണിക്കൂര്‍ 35 മിനിറ്റും കണ്ണൂരിലേക്കു ഒരു മണിക്കൂര്‍ 44 മിനിറ്റും മതിയാകുമെന്ന് കെ റെയില്‍ എംഡി വി അജിത് കുമാര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ സ്റ്റേഷന് മുകളില്‍ മെട്രൊ സ്റ്റേഷന് താഴെ
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപം സില്‍വര്‍ ലൈന്‍ സ്റ്റേഷനും മെട്രോ സ്റ്റേഷനും മുകളിലും താഴെയുമായി ആയിരിക്കും. സില്‍വര്‍ലൈനില്‍ കാക്കനാട് വന്നിറങ്ങുന്ന ഒരാള്‍ക്കു മെട്രോയില്‍ കയറി നഗരത്തില്‍ എവിടെയുമെത്താന്‍ കഴിയും. കൂടാതെ വാട്ടര്‍ മെട്രോ ജെട്ടിയും ഇതിനടുത്തായി വരും. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും സ്റ്റേഷനോടൊപ്പം ഉണ്ടാകും.
ഹൈസ്പീഡ് പാതകള്‍ സ്റ്റാന്‍ഡേഡ് ഗേജ്
പദ്ധതിക്കായി സ്റ്റാന്‍ഡേഡ് ഗേജ് തിരഞ്ഞെടുത്തത് ഇന്നു ലഭ്യമായതില്‍ മികച്ച സാങ്കേതിക വിദ്യയായതു കൊണ്ടാണ്. ബ്രോഡ്ഗേജില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിക്കാനുള്ള സാങ്കേതിക വിദ്യയാണുള്ളത്. ഇനിയും ഏറെ വര്‍ഷങ്ങള്‍ കാത്തിരുന്നാല്‍ മാത്രമാണു 200 കിലോമീറ്ററും അതില്‍ കൂടുതലും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ബ്രോഡ്ഗേജ് സാങ്കേതിക വിദ്യ വികസിക്കൂ. ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ മാത്രമാണു ബ്രോഡ്ഗേജ് പാതകളുള്ളത്. മറ്റു രാജ്യങ്ങളില്‍ സ്റ്റാന്‍ഡേഡ് ഗേജിലാണു ഹൈസ്പീഡ് പാതകള്‍. രാജ്യത്തു പ്രഖ്യാപിച്ചിരിക്കുന്ന ഹൈസ്പീഡ് ഇടനാഴികളെല്ലാം സ്റ്റാന്‍ഡേഡ് ഗേജിലാണെന്നും അദ്ദേഹം പറഞ്ഞു.
350 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന ഹൈസ്പീഡ് പാത നിര്മിക്കണമെങ്കില് കിലോമീറ്ററിന് 250 കോടിയിലധികം ചെലവാക്കണം. ഇത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കും. നിതി ആയോഗ് മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിലിന്റെ ചെലവുമായി തട്ടിച്ചു നോക്കിയാണു സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഒന്നേകാല്‍ ലക്ഷം കോടിയിലധികം വേണ്ടി വരുമെന്നു ആദ്യം അഭിപ്രായപ്പെട്ടത്. എന്നാല്‍ 120 കോടി രൂപയാണു സില്‍വര്‍ ലൈന്‍ പാതയ്ക്കു ഒരു കിലോമീറ്ററിനു വേണ്ടി വരുന്നത്. ഇതു നിതി ആയോഗിനെ ബോധ്യപ്പെടുത്തിയതു കൊണ്ടാണു വായ്പാ അപേക്ഷ തുടര്‍നടപടികള്‍ക്കായി അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്തോറും ചെലവു കൂടും
പദ്ധതി വൈകുന്തോറും ചെലവു ഗണ്യമായി കൂടുമെന്നതു യാഥാര്‍ഥ്യമാണ്. കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമാകുന്ന വിദേശ വായ്പകളാണു പദ്ധതിക്കായി സ്വീകരിക്കുക. നഗരവനവല്‍ക്കരണ പദ്ധതിയുള്‍പ്പെടെ പ്രകൃതി സൗഹാര്‍ദ പദ്ധതിയായിട്ടാണു ഇത് നടപ്പാക്കുക. നെല്പാടങ്ങളില് തൂണുകളുടെ നിര്‍മാണത്തിനു ശേഷം കൃഷി ചെയ്യാന്‍ തടസ്സമുണ്ടാകില്ല. യാത്രക്കാരുടെ എണ്ണം കണക്കാക്കിയതു ട്രെയിനുകളിലും ദേശീയപാതകളിലും നടത്തിയ സര്‍വേ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
മുംബൈ-അഹമ്മദാബാദ് പദ്ധതിയില്‍ രണ്ടു നഗരങ്ങളിലേക്കു സഞ്ചരിക്കുന്നവരാണെങ്കില്‍ കേരളത്തില്‍ പട്ടണങ്ങളില്‍ നിന്നു പട്ടണങ്ങളിലേക്കുള്ള യാത്രക്കാരാണു കൂടുതലെന്നാണു കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കും കോട്ടയത്തു നിന്നു കൊല്ലത്തേക്കും കൊച്ചിയില്‍ നിന്നു കോഴിക്കോടേക്കും യാത്ര ചെയ്യുന്നതാണു കേരളത്തിലെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
